കാബൂള്‍; അഫ്ഗാനിസ്ഥാനിലെ പ്രശസ്ത സംവിധായികയും നടിയുമായ സാബ സഹാറിന് വെടിയേറ്റു. കാബൂളിന്റെ പടിഞ്ഞാറ് ഭാഗത്ത് നിന്ന് കാറില്‍ സഞ്ചരിക്കവെയാണ് സാബക്ക് വെടിയേറ്റത്. കാറില്‍ സാബ സഹാറിനെ കൂടാതെ അഞ്ച് പേര്‍ ഉണ്ടായിരുന്നു. രണ്ട് അംഗരക്ഷകരും ഒരു കുട്ടിയും പിന്നെ ഡ്രൈവറും കാറിലുണ്ടായിരുന്നു. അക്രമണത്തില്‍ അംഗരക്ഷകര്‍ക്കും പരിക്കേറ്റിറ്റുണ്ട്. കുട്ടിയും ഡ്രൈവറും അത്ഭുതകരമായി രക്ഷപ്പെട്ടു.

സാബ വീട്ടില്‍ നിന്ന് ഇറങ്ങിയതിന് അഞ്ച് മിനിറ്റിനകം വെടിയൊച്ച കേട്ടതായി ഭര്‍ത്താവ് പറഞ്ഞു. സാബയെ വിളിച്ചപ്പോള്‍ വയറ്റില്‍ വെടിയേറ്റതായി അവര്‍ പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാബ അവരുടെ സിനിമകളും ടെലിവിഷന്‍ പരിപാടികളും പ്രധാനമായും സ്ത്രീകളുടെ നീതിയെയും അഴിമതിയെയും കുറിച്ചായിരുന്നു അവതരിപ്പിച്ചിരുന്നത്. ഇതായിരിക്കാം അക്രമികളെ പ്രകോപിപ്പിച്ചതെന്ന് കരുതുന്നു.