മുംബൈ: റീട്ടെയില്‍ വായ്പകളുടെ പുനഃക്രമീകരണ നടപടികള്‍ എസ്ബിഐയില്‍ തുടങ്ങി. ബാങ്കിന്റെ sbi.co.in എന്ന പോര്‍ട്ടലില്‍ കയറി വായ്പാ പുനഃക്രമീകരണത്തിന് അര്‍ഹതയുണ്ടോയെന്ന് പരിശോധിക്കാവുന്നതാണ്. വായ്പാ അക്കൗണ്ട് നമ്പര്‍, കോവിഡിന് മുമ്പുള്ള വരുമാനം, നിലവിലെ വരുമാനം, സമീപഭാവിയില്‍ ലഭിക്കാന്‍ സാധ്യതയുള്ള വരുമാനം തുടങ്ങിയ വിവരങ്ങള്‍ പോര്‍ട്ടലില്‍ നല്‍കിയാല്‍ വായ്പാ പുനഃക്രമീകരണത്തിന് അര്‍ഹതയുണ്ടോ എന്ന് പരിശോധിക്കാം. ഇതിനൊപ്പം 30 ദിവസം കാലാവധിയുള്ള ഒരു റഫറന്‍സ് നമ്പര്‍ കൂടി ലഭിക്കും. ഇതുമായി ബാങ്ക് ശാഖയിലെത്തി പുനഃക്രമീകരണത്തിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാമെന്നാണ് ബാങ്ക് അറിയിച്ചിരിക്കുന്നത്.

നിലവിലെ വരുമാനം കോവിഡിന് മുമ്പുണ്ടായിരുന്ന വരുമാനത്തെക്കാള്‍ കൂടുതലാണെങ്കില്‍ വായ്പാ പുനഃക്രമീകരണത്തിന് അര്‍ഹതയുണ്ടായിരിക്കില്ല. വായ്പയെടുത്തവര്‍ക്ക് പരമാവധി രണ്ട് വര്‍ഷം വരെ വായ്പാ കാലാവധി ഉയര്‍ത്താനും അവസരമുണ്ട്.

വായ്പാ കാലാവധി നീട്ടാന്‍ അപേക്ഷിക്കുന്നതിനും പോര്‍ട്ടലില്‍ സൗകര്യമുണ്ട്. രേഖകള്‍ പരിശോധിച്ച ശേഷമായിരിക്കും വായ്പാ പുനഃക്രമീകരണത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.