ചണ്ഡീഗഢ്: ആള്‍ദൈവം ഗുര്‍മീത് റാം റഹീമിനെതിരെ കോടതിവിധി വന്നതിനുശേഷം പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം ഗുര്‍മീത് ആദ്യമേ ആസൂത്രണം ചെയ്തതാണെന്ന് വെളിപ്പെടുത്തല്‍. കുറ്റക്കാരനാണെന്ന വിധിക്കുശേഷം റോത്തക് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ ഗുര്‍മീത് ചുവപ്പ് ബാഗ് ആവശ്യപ്പെട്ടുവെന്ന് ഹരിയാന പോലീസ് ഉദ്യോഗസ്ഥനായ കെ.കെ റാവു പറഞ്ഞു. ഇത് ആക്രമണം തുടങ്ങാന്‍ അനുയായികള്‍ക്ക് നല്‍കിയ മുന്നറിയിപ്പായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അത്യാവശ്യ സാധനങ്ങളാണ് ബാഗിലെന്ന് ഗുര്‍മീത് പറയുകയായിരുന്നു. ബാഗ് വേണമെന്ന ആവശ്യപ്പെട്ട ഗുര്‍മീത് വാഹനത്തില്‍ കയറാനും കൂട്ടാക്കിയില്ല. ഇത് അനുയായികള്‍ക്കുള്ള മുന്നറിയിപ്പായിരുന്നു. ബാഗ് കയ്യില്‍ കൊടുത്തതോടെ കോടതിക്കടുത്ത് രണ്ട് കിലോമീറ്ററുകള്‍ക്കപ്പുറത്ത് സംഘര്‍ഷം ഉടലെടുത്തുക്കുകയായിരുന്നു. ഇതോടെയാണ് 37പേരുടെ മരണത്തിന് കാരണമായ കലാപം തുടങ്ങിയത്. കോടതിക്ക് പുറത്ത് ഗുര്‍മീതിന്റെ അനുയായികളുടെ വാഹനങ്ങള്‍ പാര്‍ക്കു ചെയ്തിരുന്നു. വാഹനങ്ങളില്‍ നിറയെ ആയുധങ്ങളുമുണ്ടായിരുന്നു. എങ്ങനെയെങ്കിലും സംഘര്‍ഷമുണ്ടാക്കി ഗുര്‍മീതിനെ രക്ഷിച്ചെടുക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ഇതിന് നേതൃത്വം കൊടുത്തിരുന്നത് വളര്‍ത്തുമകളായ ഹണിപ്രീതുമായിരുന്നു. എന്നാല്‍ തന്ത്രം മനസ്സിലാക്കിയ പോലീസ് ഗുര്‍മീതിനെ തന്ത്രപരമായി ഹെലിപാഡിലെത്തിക്കുകയായിരുന്നു. കുറച്ചധികം പോലീസ് വാഹനങ്ങള്‍ സജ്ജമാക്കി ഡി.സി.പിയുടെ വാഹനത്തില്‍ ഗുര്‍മീതിനെ നിര്‍ബന്ധിച്ചു കയറ്റിയിരുത്തി. തുടര്‍ന്ന് ഒരേസമയം രണ്ട് വാഹനവ്യൂഹങ്ങളായി രണ്ട് ദിശകളിലേക്ക് പോയി. ഗുര്‍മീതിനെ മറ്റൊരു വഴിയാണ് ഹെലിപാഡില്‍ എത്തിച്ചത്. രണ്ടാമത്തെ വാഹന വ്യൂഹം ആക്രമിക്കപ്പെടുകയും ചെയ്തു. ഗുര്‍മീതിന്റെ സുരക്ഷയ്ക്ക് കമാന്റോകളെയും ഏര്‍പ്പെടുത്തിയിരുന്നവെന്നും അദ്ദേഹം പറയുന്നു. കുറ്റക്കാരനാണെന്ന് വിധിച്ച സി.ബി.ഐ കോടതി ഗുര്‍മീതിന് 20 വര്‍ഷം തടവുശിക്ഷയാണ് വിധിച്ചിരിക്കുന്നത്. 15 ലക്ഷം രൂപ വീതം ഇരകള്‍ക്ക് പിഴയായി നല്‍കാനും വിധിയുണ്ട്.