ചണ്ഡീഗഢ്: ബലാത്സംഗക്കേസില്‍ 20 വര്‍ഷം കഠിന തടവ് വിധിച്ച ഗുര്‍മീത് സിങ് റാം റഹീം ഇന്നലെ വിധി കേട്ട് കോടതിയില്‍ നിന്ന് പോകാന്‍ തയ്യാറായില്ല. കോടതിയില്‍ തന്നെ നിലയുറപ്പിച്ച ഗുര്‍മീതിനെ പിന്നീട് പോലീസുകാര്‍ നിര്‍ബന്ധപൂര്‍വ്വം കൊണ്ടുപോകുകയായിരുന്നു. സുനാരിയ ജയിലില്‍ പ്രത്യേകം തയ്യാറാക്കിയ താല്‍ക്കാലിക കോടതിയിലാണ് ജഡ്ജി വിധി പറഞ്ഞത്.

അതേസമയം, ഗുര്‍മീതിനെതിരെ വാരാണസിയിലെ സന്യാസിമാര്‍ രംഗത്തെത്തി. 20വര്‍ഷത്തെ തടവുശിക്ഷ മതിയാവില്ലെന്നും ഗുര്‍മീതിന് വധശിക്ഷ നല്‍കണമെന്നും സന്യാസിമര്‍ ആവശ്യപ്പെട്ടു. റാം റഹീമിനെ തൂക്കിലേറ്റണം എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായി സന്യാസിമാര്‍ പ്രകടനം നടത്തി. പണത്തിനും പദവിക്കും കാമത്തിനും പിറകെ പോയ റാം റഹീം കുറ്റവാളിയാണെന്നു സന്യാസിമാര്‍ പറഞ്ഞു. ഒരു യഥാര്‍ത്ഥ സന്ന്യാസി എല്ലാം ഉപേക്ഷിച്ച് ലളിതമായ ജീവിതം നയിക്കുന്നവനാണ്. റാം റഹീമിന് ശക്തമായ ശിക്ഷ തന്നെ നല്‍കണം. അയാളെ തൂക്കിലേറ്റണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഗുര്‍മീതിന്റെ ശിക്ഷയില്‍ തൃപ്തയല്ലെന്ന് ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി പറഞ്ഞിരുന്നു. 20 വര്‍ഷം തടവിനൊപ്പം 15 ലക്ഷം രൂപ വീതം ഓരോ ഇരകള്‍ക്കും നല്‍കണമെന്നും കോടതിവിധിച്ചിട്ടുണ്ട്.