ജയിലില്‍ കഴിയുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന്റെ ധേര സച്ചാ ആസ്ഥാനത്ത് നിന്ന് 600 മനുഷ്യ അസ്ഥികൂടങ്ങള്‍ കണ്ടെടുത്തു. ആശ്രമത്തിന്റെ പരിസരത്ത് അടക്കം ചെയ്ത രീതിയിലാണ് അസ്ഥികൂടങ്ങള്‍ കണ്ടത്. പ്രത്യേക അന്വേഷണസംഘം നടത്തിയ തിരച്ചിലിനൊടുവിലാണ് ഞെട്ടിക്കുന്ന സംഭവം കണ്ടത്. ബലാത്സംഗ കേസില്‍ 20 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കുകയാണ് ഗുര്‍മീത്.

ആശ്രമത്തില്‍വെച്ച് മരിച്ച് മോക്ഷം പ്രാപിച്ചവരുടെ അസ്ഥികൂടങ്ങളാണ് ഇതെന്നാണ് റാം റഹീമിന്റെ അനുയായികള്‍ പറയുന്നത്. എന്നാല്‍ ആശ്രമത്തില്‍ വച്ച് കൊല്ലപ്പെട്ടതോ, പീഡനത്തിനിരയായവരുടേതോ ആകാം അസ്ഥികൂടങ്ങള്‍ എന്ന സംശയമാണ് അന്വേഷണ സംഘത്തിനുള്ളത്. എന്നാല്‍ വിശദമായ അന്വേഷണത്തിനൊടുവില്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവു എന്ന് അന്വേഷണസംഘം അറിയിച്ചു. നേരത്തെയും ആശ്രമത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മനുഷ്യ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഏക്കര്‍ കണക്കിന് വ്യാപിച്ചു കിടക്കുന്ന ആശ്രമ മേഖലയില്‍ വ്യാപക തിരച്ചില്‍ തുടങ്ങിയത്.

ഗുര്‍മീതിനെതിരെയുള്ള ബലാത്സംഗക്കുറ്റം വെളിപ്പെടുത്തി രണ്ട് പെണ്‍കുട്ടികളാണ് രംഗത്തെത്തിയത്.