ചണ്ഡീഗഡ്: ജയിലില്‍ തന്നോടൊപ്പം നില്‍ക്കാന്‍ വളര്‍ത്തുമകള്‍ ഹണിപ്രീതിനെയും അനുവദിക്കണമെന്ന ദേര സച്ചാ സൗദ നേതാവ് ഗുര്‍മീത് റാം റഹിമിന്റെ ആവശ്യം സി.ബി.ഐ കോടതി തള്ളി.
തന്റെ ഫിസിയോ തെറാപ്പിസ്റ്റും ഉഴിച്ചിലുകാരിയുമാണ് ഹണിപ്രീത് എന്നും അവരെ തന്റെ കൂടെ നില്‍ക്കാന്‍ അനുവദിക്കണമെന്നുമായിരുന്നു കേസ് പരിഗണിക്കവെ ഗുര്‍മീത് ആവശ്യപ്പെട്ടിരുന്നത്. അതേസമയം, കോടതിയില്‍ നിന്ന രക്ഷപ്പെടാന്‍ പദ്ധതിയൊരുക്കിയതിന്റെ പേരില്‍ ഹണിപ്രീതിനെതിരെ ഹരിയാന കോടതി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഗുര്‍മീതിന് ശിക്ഷ പ്രഖ്യാപിച്ച ശേഷം ഇവര്‍ ഒളിവിലാണ്. രണ്ട് അനുയായികളെ ബലാത്സംഗം ചെയ്ത കേസില്‍ വിധി കേള്‍ക്കാനായി ഹണിപ്രീത് ദേര നേതാവിന്റെ കൂടെ കോടതിയിലെത്തിയിരുന്നു. കോടതിയില്‍ നിന്ന് ജയിലിലേക്ക് മാറ്റുമ്പോള്‍ ഹെലികോപ്ടറിലും ഇവരുടെ സാന്നിധ്യമുണ്ടായിരുന്നു. നിലവില്‍ റോഹ്തകിലെ സുനരിയ ജയിലിലാണ് ഗുര്‍മീതിനെ താമസിപ്പിച്ചിട്ടുള്ളത്.പപ്പാസ് എയ്ഞ്ചല്‍ എന്നാണ് ഹണിപ്രീത് സ്വന്തം പരിചയപ്പെടുത്താറുള്ളത്. ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകളിലും ഇവര്‍ സജീവമാണ്. ട്വിറ്ററില്‍ പത്ത് ലക്ഷവും ഫേസ്ബുക്കില്‍ അഞ്ചു ലക്ഷവും പേര്‍ ഇവരെ പിന്തുടരുന്നുണ്ട്. റാം റഹിം അഭിനയിച്ച എം.എസ്.ജി 2 മെസെഞ്ചര്‍, എം.എസ്.ജി ദ വാരിയര്‍ ലയണ്‍ ഹാര്‍ട്ട് എന്നീ സിനിമകളില്‍ ഇവര്‍ അഭിനയിച്ചിട്ടുണ്ട്. രണ്ടാം സിനിമയുടെ സംവിധായികയും ഇവരാണ്. പ്രിയങ്ക തനേജ എന്നാണ് ഹണിപ്രീതിന്റെ യഥാര്‍ത്ഥ പേര്.
റാം റഹിമിന്റെ അടുത്തെത്തിയതോടെ പേരു മാറ്റുകയായിരുന്നു. മുന്‍ ദേര അനുയായി വിശ്വാസ് ഗുപ്തയുമായി 1999 ഫെബ്രുവരി നാലിന് ഇവരുടെ വിവാഹം നടന്നിട്ടുണ്ട്.റാം റഹിം സിങിന് ഭാര്യയുമായി അവിഹിത ബന്ധമുണ്ട് എന്ന് പരാതിപ്പെട്ട് 2011ല്‍ വിശ്വാസ് ഗുപ്ത കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഇതിനു ശേഷം ഇവര്‍ പിരിഞ്ഞു. ഹണിപ്രീത് റാം റഹിമിനൊപ്പം ജീവിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.