കണ്ണൂര്‍: ഷുഹൈബ് വധക്കേസ് പ്രതികള്‍ക്ക് കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയിലില്‍ വഴിവിട്ട സഹായം നല്‍കുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ രംഗത്ത്. കൂത്തുപറമ്പ് സ്വദേശിയായ യുവതിയുമായി പ്രതി ആകാശ് തില്ലങ്കേരിക്ക് പകല്‍ മുഴുവന്‍ കൂടിക്കാഴ്ച്ചക്ക് അവസരം നല്‍കിയെന്ന് സുധാകരന്‍ ആരോപിച്ചു.
ഷുഹൈബ് വധക്കേസ് പ്രതികളുടെ സെല്‍ പൂട്ടാറില്ല. മൂന്ന് ദിവസങ്ങളിലായി പലതവണ യുവതിക്ക് കൂടിക്കാഴ്ചക്ക് അവസരം നല്‍കി. ആകാശ് തില്ലങ്കേരി അടക്കം ഉള്ളവര്‍ക്ക് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നെന്നും സുധാകരന്‍ ആരോപിച്ചു.
കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ശുഹൈബിന്റെ വധക്കേസില്‍ സി.ബി.ഐ അന്വേഷണം ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് സ്‌റ്റേ ചെയ്തിരിക്കുകയാണ്. കേസ് ഈ മാസം 23ന് വിശദമായി പരിഗണിക്കുമെന്നും അതുവരെ അന്വേഷണം സ്‌റ്റേ ചെയ്യുന്നുവെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
സി.ബി.ഐ അന്വേഷണത്തിനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് താല്‍ക്കാലികമായി സ്‌റ്റേ ചെയ്തത്. കേസ് അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് പോവുകയാണ്. അതിനിടെ അന്വേഷണം സിബിഐക്ക് വിട്ടത് അപക്വമാണെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം. എന്നാല്‍ സര്‍ക്കാര്‍ അപ്പില്‍ നിലനില്‍ക്കുന്നതല്ല എന്ന് ഷുഹൈബിന്റെ മാതാപിതാക്കളുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ കേസ് വിശദമായി 23ന് പരിഗണിക്കാം എന്ന് വ്യക്തമാക്കി ഡിവിഷന്‍ ബഞ്ച് സി.ബി.ഐ അന്വേഷണം സ്‌റ്റേ ചെയ്യുകയായിരുന്നു.
Be the first to write a comment.