ന്യൂഡല്‍ഹി: ഹാത്രസ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോവുന്നതിനിടെ മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പനെ പൊലീസ് അറസ്റ്റ് ചെയ്തതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി 12ന് പരിഗണിക്കും. കേരള പത്രപ്രവര്‍ത്തക യൂണിയനാണ് സുപ്രീംകോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തത്.

അതിനിടെ സിദ്ദീഖ് കാപ്പനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എംപിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കും കത്തെഴുതി. എംപിമാരായ ബിനോയ് വിശ്വം, ബെന്നി ബഹനാന്‍, ആന്റോ ആന്റണി എന്നിവരാണ് കത്തെഴുതിയത്. മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ കരിനിയമം ചുമത്തി അറസ്റ്റ് ചെയ്ത വിഷയത്തില്‍ ഇടപെടണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. മാധ്യമ സ്വാതന്ത്ര്യത്തിന് എതിരായ ആക്രമണമാണ് യുപി പൊലീസ് നടത്തിയതെന്നും കത്തില്‍ വിമര്‍ശനമുണ്ട്.

അറസ്റ്റ് ചെയ്യുമ്പോള്‍ പുലര്‍ത്തേണ്ട മിനിമം മാനദണ്ഡം പോലും സിദ്ദീഖ് കാപ്പന്റെ കാര്യത്തില്‍ പുലര്‍ത്തിയില്ല. ഹാത്രസില്‍ നടന്നത് എന്താണെന്ന് അന്വേഷിക്കേണ്ടത് മാധ്യമപ്രവര്‍ത്തകരുടെ ഉത്തരവാദിത്വമാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ഇത്തരം നിലപാടുകള്‍ കാരണമാണ് മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യ 142ാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയതെന്ന് ബിനോയ് വിശ്വം കത്തില്‍ ചൂണ്ടിക്കാട്ടി. വസ്തുതാപരമായ റിപ്പോര്‍ട്ടിങ് അനുവദിക്കില്ലെന്നാണ് ഉത്തര്‍പ്രദേശ് ഇതിലൂടെ നല്‍കുന്ന സന്ദേശമെന്ന് ബെന്നി ബഹനാനും കത്തില്‍ പറഞ്ഞു. മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടിയില്‍ ഇടപെടണമെന്ന് ആന്റോ ആന്റണി ആവശ്യപ്പെട്ടു.

ഈ മാസം അഞ്ചിനാണ് സിദ്ദിഖ് കാപ്പനുള്‍പ്പടെ നാല് പേരെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡല്‍ഹിയില്‍ നിന്ന് അഴിമുഖത്തിന് വേണ്ടി വാര്‍ത്തകള്‍ നല്‍കിയിരുന്ന മാധ്യമപ്രവര്‍ത്തകനാണ് സിദ്ദിഖ് കാപ്പന്‍. യുഎപിഎയും ഐടി നിയമത്തിലെ വകുപ്പുകളും ചേര്‍ത്താണ് കുറ്റം ചുമത്തിയത്. മതസ്പര്‍ദ്ധ വളര്‍ത്തല്‍, മതങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് മാധ്യമപ്രവര്‍ത്തകന്റെ പേരില്‍ ചുമത്തിയത്.