ജലന്ധര്‍: മ്യാന്മാറില്‍ നിന്നുള്ള റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണം നല്‍കുന്നതിന് ബംഗ്ലാദേശില്‍ പ്രത്യേക ഭക്ഷണശാല ഒരുക്കി സിഖു സംഘം. വൊളണ്ടിയര്‍ സംഘമായ ഖല്‍സയുടെ പ്രവര്‍ത്തകരാണ് കിഴക്കന്‍ നഗരമായ തെക്‌നാഫില്‍ ലോകത്തിനു മാതൃകയായ ഭക്ഷണശാല ഒരുക്കിയത്. ഇന്നു മാത്രം 30,000ത്തോളം ആളുകള്‍ക്ക് ഈ കേന്ദ്രത്തില്‍ ഭക്ഷണം തയാറാക്കി വിതരണം ചെയ്തതായാണ് വിവരം.

master
കഴിഞ്ഞ ആഴ്ച ബംഗ്ലാദേശിലെത്തിയ വൊളണ്ടിയര്‍ സംഘം റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് കുടിവെള്ളവും ബിസ്‌ക്കറ്റും ബ്രഡും വിതരണം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സിഖ് മതസ്ഥര്‍ക്കു വേണ്ടിയുള്ള ലങ്കാര്‍ (പ്രത്യേക ഭക്ഷണശാല) ഒരുക്കാന്‍ തീരുമാനിച്ചത്. പ്രാദേശിക ഭരണകൂടത്തിന്റെ അനുമതി ലഭിച്ചതോടെ ഒരാഴ്ച കൊണ്ട് ഭക്ഷണശാല നിര്‍മിക്കുകയായിരുന്നുവെന്ന് ഖല്‍സ മാനേജിങ് ഡയറക്ടര്‍ അമര്‍പ്രീത് സിങ് പറഞ്ഞു. ഭക്ഷണം പാകം ചെയ്യുന്നതിനാവശ്യമായ ഗ്യാസ് സമീപത്തെ ഒരു യുവാവ് നല്‍കിയതായി അമര്‍പ്രീത് പറഞ്ഞു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മറ്റു മതങ്ങളിലെ യുവതിയുവാക്കളും സഹായം വാഗ്ദാനം ചെയ്ത് എത്തിയതായും അദ്ദേഹം പറഞ്ഞു.