ന്യൂഡല്‍ഹി: ഓഗസ്റ്റ് 28ന് ലഡാക്കിലെ പാംഗോങ്ങിലേക്ക് കടന്നുകയറാന്‍ ശ്രമിച്ച ചൈനീസ് സൈന്യത്തെ കാത്തിരുന്നത് അപ്രതീക്ഷിത ചെറുത്തു നില്‍പ്പായിരുന്നു. ശക്തരായ ചൈനീസ് സൈന്യത്തെ ലഡാക്കില്‍ നിന്ന് തുരത്താന്‍ ഇന്ത്യന്‍ സൈന്യത്തിനൊപ്പം പങ്കെടുത്തത് വികാസ് ബറ്റാലിയന്‍ എന്ന് വിളിക്കപ്പെടുന്ന സ്‌പെഷല്‍ ഫ്രോണ്ടിയര്‍ ഫോഴ്‌സ് (എസ്എഫ്എഫ്) എന്ന പ്രത്യേക സേനാ വിഭാഗമാണ്. ഇന്ത്യയുടെ ഏറ്റവും ‘നിഗൂഢമായ’ സേനാവിഭാഗമെന്ന വിശേഷണമുള്ള പോരാളികള്‍.

1962 ലെ ഇന്ത്യ – ചൈന യുദ്ധത്തെത്തുടര്‍ന്നാണ് എസ്എഫ്എഫ് രൂപീകൃതമായത്. അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനത്തിലാണ് എസ്എഫ്എഫ് രൂപീകരിച്ചത്. 1962 നവംബര്‍ 14ന് ചൈനീസ് സേന അതിര്‍ത്തി കടന്നു മുന്നേറുമ്പോഴാണ് (ഔദ്യോഗികമായി ചൈന വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് 1962 നവംബര്‍ 21നാണ്) നെഹ്‌റുവിന്റെ നേതൃത്വത്തില്‍ ഇങ്ങനൊരു സേനാ വിഭാഗത്തെ രൂപപ്പെടുത്തുന്നത്.

1959 ല്‍ ദലൈ ലാമയ്‌ക്കൊപ്പം ഇന്ത്യയിലെത്തിയ ടിബറ്റന്‍ അഭയാര്‍ഥികളില്‍പെട്ട ഖാംപ സമുദായക്കാരെ ഉള്‍പ്പെടുത്തിയായിരുന്നു എസ്എസ്എഫ് രൂപീകരിച്ചത്. യുഎസ്എയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സിഐഎ) ആദ്യകാലത്ത് ഈ സൈനികര്‍ക്കു പരിശീലനം നല്‍കിയിരുന്നെങ്കിലും പിന്നീട് യുഎസും ചൈനയുമായി അടുത്തപ്പോള്‍ പിന്മാറിയിരുന്നു. ഇന്ന് ഗൂര്‍ഖകളും വികാസ് ബറ്റാലിയന്റെ ഭാഗമാണ്.

ഇന്ത്യന്‍ സേനാവിഭാഗമാണെങ്കിലും സൈന്യത്തിന്റെ ഭാഗമല്ല എസ്എഫ്എഫ്. കാബിനറ്റ് സെക്രട്ടേറിയറ്റിനു കീഴില്‍ വരുന്ന എസ്എഫ്എഫ് നേരിട്ട് പ്രധാനമന്ത്രിയോടാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സൈന്യത്തിന്റെ ഓപ്പറേഷനല്‍ കണ്‍ട്രോളിനു കീഴിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. സൈന്യത്തിലെ റാങ്കുകള്‍ക്കു സമാന പദവിയിലുള്ള റാങ്കുകളാണ് ഈ സേനാവിഭാഗത്തിനുമുള്ളത്. ദൗത്യമെന്തായാലും അതു പൂര്‍ത്തിയാക്കാനുള്ള ശേഷിയും പരിശീലനമികവുമാണ് ഈ സേനയുടെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ടുതന്നെ യുഎസിന്റെ നേവി സീല്‍സുമായി ഇവരെ താരതമ്യം ചെയ്യാറുണ്ട്. വനിതാ സൈനികരും എസ്എഫ്എഫിന്റെ ഭാഗമാണ്.

മലമ്പ്രദേശത്തും കൊടുമുടികളിലും യുദ്ധം ചെയ്യാന്‍ പ്രത്യേക പരിശീലനം നേടിയ സേനയാണ് എസ്എഫ്എഫ് എന്ന് ടിബറ്റന്‍ കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ ഉപദേഷ്ടാവായിരുന്ന അമിതാഭ് മാത്തൂരിനെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ‘എസ്എഫ്എഫിനെ വിന്യസിച്ചെങ്കില്‍, ഞാനൊരിക്കലും അദ്ഭുതപ്പെടില്ല. ഉയര്‍ന്ന പ്രതലങ്ങളില്‍ പോരാടാന്‍ അവര്‍ക്കു പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ട്.’ – അദ്ദേഹം പറയുന്നു.

1971ലെ ബംഗ്ലദേശ് യുദ്ധം മുതല്‍ ഇക്കഴിഞ്ഞ ദിവസത്തെ ചൈനീസ് അധിനവേശത്തെ ചെറുത്ത് മേല്‍ക്കൈ നേടുന്നതില്‍വരെ എസ്എഫ്എഫിനു നിര്‍ണായക പങ്കുണ്ട്. പഞ്ചാബിലെ സുവര്‍ണക്ഷേത്രത്തിലെ സൈനിക നടപടിയായ ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിലും എസ്എഫ്എഫിന്റെ പങ്ക് പ്രാധാന്യമേറിയതായിരുന്നു. രാജ്യത്തിനകത്തും പുറത്തും ഒട്ടനവധി പ്രശ്‌നങ്ങളില്‍ എസ്എഫ്എഫിനെ രംഗത്തിറക്കിയിട്ടുണ്ട്. എന്നാല്‍ വിവരങ്ങളെല്ലാം ക്ലാസിഫൈഡ് ചെയ്തിരിക്കുന്നതിനാല്‍ പുറത്തുവന്നിട്ടില്ല. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങിന്റെ (റോ) ആശീര്‍വാദത്തോടെയാണ് എസ്എഫ്എഫ് ബംഗ്ലദേശ് യുദ്ധത്തിനിറങ്ങിയത്. അന്ന് 3000 ലേറെ എസ്എഫ്എഫ് സൈനികര്‍ പങ്കെടുത്തുവെന്നാണ് വിവരം.

അത്രയും നിഗൂഢമായി പ്രവര്‍ത്തിക്കുന്ന സംഘമായതിനാല്‍ ഒരു വിവരവും പുറത്തുവരാതിരിക്കാന്‍ ഭരണകൂടം ശ്രദ്ധിച്ചിരുന്നു. എന്നാല്‍ 1965ലെ ഒരു സംഭവം വര്‍ഷങ്ങള്‍ക്കുശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ എസ്എഫ്എഫ് വാര്‍ത്തകളില്‍ ഇടംപിടിച്ചു. 1965ല്‍ സിഐഎയുമായി ചേര്‍ന്ന്, ഇപ്പോള്‍ ഉത്തരാഖണ്ഡിലെ ഛമോലി ജില്ലയില്‍പെട്ട നന്ദാദേവി കുന്നുകളില്‍ ചൈനയുടെ അണ്വായുധ പരീക്ഷണങ്ങള്‍ നിരീക്ഷിക്കാന്‍ ഒരു ആണവോര്‍ജ ഉപകരണം സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ ദൗത്യം ഉപേക്ഷിക്കേണ്ടിവന്നു. ഇക്കാര്യം 1978 ലാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതേത്തുടര്‍ന്ന് അന്നത്തെ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിക്ക് വിഷയത്തില്‍ മറുപടി പറയേണ്ടി വന്നിരുന്നു.

അതിര്‍ത്തിയില്‍ മൈന്‍ പൊട്ടി എസ്എഫ്എഫിലെ ടിബറ്റന്‍ സൈനികനു വീരമൃത്യു സംഭവിച്ചതോടെയാണ് ഇപ്പോള്‍ സേന വാര്‍ത്തകളിലെത്തുന്നത്. ടെന്‍സിന്‍ ന്യിമ (53) ആണ് മരിച്ചത്. മറ്റൊരു കമാന്‍ഡോയ്ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.