ബൈജിങ്: ബാങ്ക് തട്ടിപ്പു കേസ് പ്രതിയും വജ്രവ്യാപാരിയുമായ നീരവ് മോദിയുടെ വിഷയത്തില്‍ ഹോങ്കോങിന് സ്വന്തമായി തീരുമാനിക്കാമെന്ന് ചൈന.

പൊതു നിയമങ്ങള്‍ക്കും ജുഡീഷ്യറി സംബന്ധിച്ച പരസ്പര ധാരണയുടെയും ബലത്തില്‍ നീരവ് മോദിയെ അറസ്റ്റ് ചെയ്യാനുള്ള ഇന്ത്യയുടെ അഭ്യര്‍ത്ഥന ഹോങ്കോംഗിന് പരിഗണിക്കാമെന്നാണ് ചൈനീസ് വിദേശകാര്യ വക്താവ് ജെങ് ഷുവാങ് തിങ്കളാഴ്ച വ്യക്തമാക്കിയത്.

ഇന്ത്യയുടെ അറസ്റ്റ് അഭ്യര്‍ത്ഥനയെ സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ജെങ് ഷുവാങ്.

ഒരു രാജ്യമാണെങ്കിലും രണ്ടു സംവിധാനത്തിനു കീഴിലുള്ള രാജ്യമാണ് ഹോങ്കോങ്. അതേസമയം ഇത്തരം വിഷയത്തില്‍ ഹോങ്കോങ്ങിലെ ഭരണ സംവിധാനമായ സ്‌പെഷല്‍ അഡ്മിനിസ്‌ട്രേറ്റിവ് റീജ്യന (എച്ച്‌കെഎസ്എആര്‍) മറ്റു രാഷ്ട്രങ്ങളുമായി സഹകരിക്കാമെന്നണ് ചൈനീസ് വക്താവ് വ്യക്തമാക്കിയത്. ചൈനയുടെ നിയന്ത്രണത്തിലുള്ള ഹോങ്കോങ്ങിലെ ഭരണ സംവിധാനമാണു ഹോങ്കോങ് സ്‌പെഷല്‍ അഡ്മിനിസ്‌ട്രേറ്റിവ് റീജ്യന്‍.

നീരവ് മോദിയെ അറസ്റ്റ് ചെയ്യാന്‍ ഹോങ്കോങ്ങ് സ്‌പെഷ്യല്‍ അഡ്മിനിസ്‌ട്രേറ്റീവ് റീജിയണ്‍ന്റെ(എച്ച്.കെ.എസ്.എ.ആര്‍)യും, പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെയും സഹായത്തിന് കേന്ദ്ര സര്‍ക്കാര്‍ ശ്രമംനടത്തുന്നതായി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ.സിങ് കഴിഞ്ഞയാഴ്ച പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.