മുംബൈ: മാന്‍വേട്ടകേസില്‍ ജാമ്യത്തിലിറങ്ങിയ ബോളിവുഡ് താരം സല്‍മാന്‍ഖാന് പിന്തുണയുമായി ബോളിവുഡ് താരങ്ങള്‍ രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് വേറിട്ട തരത്തിലുള്ള ചില ശബ്ദങ്ങള്‍ സല്‍മാന് വേണ്ടി കേള്‍ക്കുന്നത്. സല്‍മാന്‍ അങ്ങനെ ചെയ്യില്ലെന്നും മറ്റാരെയോ രക്ഷിക്കാന്‍ വേണ്ടി നടത്തുന്ന ശ്രമങ്ങളാണ് ഇതൊക്കെയെന്നാണ് ഉയര്‍ന്നു വരുന്ന ചില പരാമര്‍ശങ്ങള്‍.

 

എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് സല്‍മാന്‍ ആരെയോ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് നടി സിമി ഗെയര്‍വാള്‍ പറഞ്ഞു. ചാരിറ്റി ഉള്‍പ്പെടെ നടത്തുന്ന മനുഷ്യത്വമുള്ള മനുഷ്യനാണ് സല്‍മാന്‍ഖാന്‍. കൃഷ്ണമൃഗത്തെ കൊല്ലാന്‍ സല്‍മാന്‍ ശ്രമിക്കില്ല. ആ കുറ്റകൃത്യം ചെയ്യാന്‍ അദ്ദേഹത്തെകൊണ്ടാവില്ല. ചില കാരണങ്ങള്‍ കൊണ്ട് ആരെയോ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ് സല്‍മാന്‍ഖാന്‍. അതിന് വലിയ വിലയാണ് അദ്ദേഹം നല്‍കുന്നതെന്നും സിമി ട്വിറ്ററില്‍ കുറിച്ചു. ഒരു മൃഗത്തേയും കൊല്ലാന്‍ അദ്ദേഹത്തിനാവില്ല. മൃഗങ്ങളെ സല്‍മാന്‍ അതിയായി സ്‌നേഹിക്കുന്നയാളാണ്. 20 വര്‍ഷക്കാലമായി ചെയ്യാത്ത കുറ്റത്തിന് അനുഭവിക്കുകയാണ് അദ്ദേഹമെന്നും സിമി പറയുന്നു. ബോളിവുഡില്‍ പരക്കെ സല്‍മാന്‍ സംഭവത്തില്‍ കുറ്റക്കാരനല്ലെന്ന രീതിയിലുള്ള സംസാരം നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ചില താരങ്ങളുടെ പേര് പരാമര്‍ശിക്കാതെയുള്ള കമന്റുകള്‍. സംഭവത്തില്‍ സെയ്ഫ് കുറ്റക്കാരനാണെന്നാണ് രഹസ്യ സംസാരം.

മാന്‍വേട്ട കേസില്‍ ജയിലിലായ സല്‍മാന്‍ഖാന് രണ്ടുദിവസത്തിനു ശേഷമാണ് ജാമ്യം ലഭിച്ചത്. കേസില്‍ കൂട്ടുപ്രതികളായ സൈഫുലിഖാന്‍, സൊനാലി ബെന്ദ്ര, തബു എന്നിവരെ കോടതി വെറുതെ വിട്ടിരുന്നു. 1998-ല്‍ ഹം സാത് സാത് ഹേ എന്ന സിനിമയുടെ ചിത്രീകരണ വേളയിലാണ് സല്‍മാന്‍ഖാന്‍ കൃഷ്ണമൃഗത്തെ വെടിവെച്ചുകൊന്നത്.