തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും സി.പി.എമ്മിന്റെയും കണ്ണിലെ കരടായ ദേവികുളം സബ്കലക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ വാനോളം പുകഴ്ത്തി വി.എസ് അച്യുതാനന്ദന്‍. 2017ല്‍ മലയാളിയുടെ ദൈനംദിന ജീവിതത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പേരാണ് ശ്രീറാം വെങ്കിട്ടരാമന്റേതെന്നും ചുരുങ്ങിയ കാലം കൊണ്ടു ഉദ്യോഗസ്ഥ തലത്തില്‍ ഉന്നത സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്ക് ഏതൊക്കെ തരത്തില്‍ ജനങ്ങള്‍ക്ക് പ്രയോജനകരമായ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം തെളിയിച്ചതായും വി.എസ് പറഞ്ഞു. ഉമ്മാശേരി മാധവന്‍ സ്മാരക ചാരിറ്റി പുരസ്‌കാരം ശ്രീറാം വെങ്കിട്ടരാമന് സമ്മാനിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനസും ചിന്തയും ശുദ്ധമാകുകയും ജനങ്ങളോടുള്ള പ്രതിജ്ഞാബദ്ധത ദിശാവെളിച്ചമാകുകയും പ്രവര്‍ത്തനങ്ങള്‍ സുതാര്യമാകുകയും ചെയ്യുമ്പോള്‍ അത്തരത്തിലുള്ള ഒരാള്‍ക്ക് ഒന്നിനെയും ഭയപ്പെടേണ്ടതില്ല. ധീരമായി മുന്നോട്ടു പോകാന്‍ കഴിയും. ഈ ഒരു പാഠം മലയാളിക്ക് സമ്മാനിച്ചതാണ് ശ്രീറാം വെങ്കിട്ടരാമന്‍ എന്ന വ്യക്തിയുടെയും ഉദ്യോഗസ്ഥന്റെയും പ്രസക്തി.

മൂന്നാറും അവിടത്തെ പ്രശ്‌നങ്ങളും എന്നും കേരള സമൂഹത്തിലും രാഷ്ട്രീയ വ്യവഹാരങ്ങളിലും ചര്‍ച്ചാ വിഷയമാണല്ലോ. സര്‍ക്കാരിന്റെ ഭൂമി വന്‍കിടക്കാരും ചെറുകിടക്കാരുമായ കൈയ്യേറ്റക്കാര്‍ കൈവശം വെച്ച് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. പതിനായിരക്കണക്കിന് ആദിവാസികളും ദളിതരുമൊക്കെ സ്വന്തമായി ഭൂമിയോ വീടോ ഇല്ലാതെ അലഞ്ഞുനടക്കുമ്പോഴാണ് അവര്‍ക്ക് ലഭിക്കേണ്ട ഭൂമി ഇത്തരക്കാര്‍ കൈയ്യേറി വെച്ച് അനുഭവിച്ചുകൊണ്ടിരിക്കുന്നത്.ഇതു തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ 2006ലെ എല്‍.ഡി.എഫ് ഗവണ്‍മെന്റിന്റെ കാലത്ത് ആരംഭിച്ചതാണ്. എന്നാല്‍ പല കാരണങ്ങളാല്‍ അത് മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ല.

ഇക്കാര്യത്തില്‍ ധീരവും സവിശേഷവുമായ ചില ഇടപെടലുകള്‍ നടത്താന്‍ ശ്രീറാം വെങ്കിട്ടരാമന് കഴിഞ്ഞത് ചെറിയ കാര്യമല്ല. പല തരത്തിലുള്ള എതിര്‍പ്പുകളെയും പ്രതിഷേധങ്ങളെയും മറികടന്നാണ് അദ്ദേഹം കൈയ്യേറ്റക്കാരെ ഒഴിപ്പിക്കാനും സര്‍ക്കാര്‍ ഭൂമി പിടിച്ചെടുക്കാനും തന്നില്‍ നിക്ഷിപ്തമായ നിയമപരമായ അധികാരം ഉപയോഗിച്ച് നടപടികള്‍ സ്വീകരിച്ചത്. അതിന് കുറെയൊക്കെ ഫലം ഉണ്ടാവുകയും ചെയ്തു. ഈ നടപടികള്‍ ഇനിയും തുടരേണ്ടതുണ്ടെന്നും വി.എസ് പറഞ്ഞു.
മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സി.പി.എം നേതാക്കളുടെ എതിര്‍പ്പിനെ നേരിടേണ്ടിവന്ന ശ്രീറാം വെങ്കിട്ടരാമനെ ദേവികുളം സബ്കലക്ടര്‍ സ്ഥാനത്തുനിന്ന് സര്‍ക്കാര്‍ നീക്കുകയായിരുന്നു. നിലവില്‍ എംപ്ലോയ്‌മെന്റ് ഡയറക്ടറാണ് അദ്ദേഹം.