ശ്രീനഗര്‍: കഴിഞ്ഞ ദിവസം ശ്രീനഗറിലുണ്ടായ ചാവേറാക്രമണം യഥാര്‍ത്ഥത്തില്‍ ഭീകരര്‍ ലക്ഷ്യമിട്ടത് ശ്രീനഗര്‍ വിമാനത്താവളത്തെയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്നലെ പുലര്‍ച്ചെ ശ്രീനഗര്‍ വിമാനത്താവളത്തിനു സമീപത്തെ ബി.എസ്.എഫ് 182 ബറ്റാലിയന്‍ ആസ്ഥാനത്തിനു നേരെയാണ് ചാവേറാക്രമണമുണ്ടായത്. രണ്ട് സൈനികര്‍ വീരമൃത്യു വരിക്കുകയും മൂന്നു ഭീകരരെ സൈന്യം വധിക്കുകയും ചെയ്തിരുന്നു.

download
സിആര്‍പിഎഫിന്റെയും ബിഎസ്എഫിന്റെയും നേതൃത്വത്തില്‍ സുരക്ഷ കര്‍ശനമാക്കിയ ശ്രീനഗര്‍ വിമാനത്താവളത്തില്‍ കടക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് ഭീകരര്‍ ബി.എസ്.എഫ് കേന്ദ്രം ആക്രമിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.

04_10_2017-jammuairport

സി.ആര്‍.പി.എഫ് സൈനികരുടെ യൂണിഫോം ധരിച്ചാണ് ഭീകരര്‍ ആക്രമണത്തിനെത്തിയതെന്നാണ് വിവരം. വെടിവെപ്പിനൊപ്പം സുരക്ഷാ സൈനികര്‍ക്കു നേരെ ഭീകരര്‍ ഗ്രനേഡുകളും എറിഞ്ഞ ശേഷമാണ് സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് ക്യാമ്പിനുള്ളില്‍ പ്രവേശിച്ചത്. ഭീകരരില്‍ ഒരാള്‍ കൊല്ലപ്പെട്ടതോടെ മറ്റു രണ്ടുപേര്‍ വെടിയുതിര്‍ക്കുകയുമായിരുന്നു. ഇതിനിടെ സി.ആര്‍.പി.എഫ് യൂണിഫോമിലെത്തിയ ഒരാള്‍ സൈനികനെന്ന വ്യാജേന ഏറ്റുമുട്ടല്‍ നടത്തുന്ന സൈനികര്‍ക്ക് സമീപത്തേക്ക് വരികയായിരുന്നു. ആദ്യം ഭീകരരില്‍ ഒരാളാണിതെന്ന് സൈനികര്‍ തിരിച്ചറിഞ്ഞില്ല. എന്നാല്‍ വെടിയുതിര്‍ക്കാന്‍ ആരംഭിച്ചതോടെ സൈന്യം ഇയാളെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു.