കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. ആക്രമണം ക്വട്ടേഷന്‍ മുഖേനയല്ലെന്നും പണം തട്ടാനുള്ള സ്വന്തം പദ്ധതിയായിരുന്നുവെന്നും മുഖ്യപ്രതി പള്‍സര്‍ സുനി പോലീസിനോട് പറഞ്ഞു.

നടിയെ ആക്രമിച്ച് യാത്ര ചെയ്ത സ്ഥലങ്ങളിലൂടെ പ്രതിയുമായി പോലീസ് സഞ്ചരിച്ചു. പുലര്‍ച്ചെ 2.50ന് തുടങ്ങിയ തെളിവെടുപ്പ് 4.45വരെ നീണ്ടു. എന്നാല്‍ നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ഫോണ്‍ കണ്ടെത്താനായില്ല. മൊബൈല്‍ഫോണ്‍ ഉപേക്ഷിച്ചെന്ന് പള്‍സര്‍ സുനി പറഞ്ഞ എറണാംകുളം വെണ്ണല ബൈപ്പാസിനടുത്തുള്ള ഓടയിലും പരിശോധന നടത്തി. എന്നാല്‍ ഫോണ്‍ കണ്ടെത്താനായില്ല. സ്വന്തം പദ്ധതിപ്രകാരം പണം തട്ടാനുള്ള പദ്ധതിയായിരുന്നുവെന്നും ക്വട്ടേഷനല്ലായെന്നും സുനി പറഞ്ഞു. ഭീഷണിപ്പെടുത്താന്‍ വേണ്ടിയാണ് നടിയോട് ക്വട്ടേഷനെന്ന് പറഞ്ഞത്. ദൃശ്യങ്ങള്‍ പകര്‍ത്തി പണം തട്ടലായിരുന്നു ലക്ഷ്യം. അതേസമയം പൊലീസ് സുനിയുടെ മൊഴി സ്ഥിരീകരിച്ചിട്ടില്ല. പ്രതികളെ ഇന്ന് ഉച്ചക്ക് മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കും. ഹാജരാക്കുന്നതിന് മുമ്പ് സുനിയില്‍ നിന്ന് കൂടുതല്‍ കാര്യങ്ങളറിയാനാണ് പോലീസ് ശ്രമിക്കുന്നത്.

ഇന്നലെയാണ് എറണാംകുളം സി.ജെ.എം കോടതിയില്‍ കീഴടങ്ങാനെത്തിയ പ്രതികളെ പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റു ചെയ്തത്. തുടര്‍ന്ന് കോടതിയില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഉച്ചഭക്ഷണ ഇടവേളയിലാണ് പോലീസ് പ്രതികളെ അറസ്റ്റുചെയ്തത്. സംഭവത്തില്‍ അഭിഭാഷകര്‍ നല്‍കിയ പരാതിയില്‍ കോടതി പ്രതികളെ വീണ്ടും അന്വേഷണോദ്യോഗസ്ഥന് മുന്നില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നു.