കെ.എസ്.ആര്‍.ടി.സി യില്‍ ചട്ടങ്ങള്‍ ലംഘിച്ച് നിയമനങ്ങള്‍ നടത്തുകയാണ് തോമസ് ചാണ്ടി എന്ന് ആരോപണം. എം. ഡി യായിരുന്ന എം ജി. രാജമാണിക്യത്തെ സ്ഥാനത്തു നിന്നു നീക്കിയതിനു ശേഷമാണു ഗതാഗതമന്ത്രിയുടെ ഓഫീസില്‍ നിന്ന് ചട്ടംലംഘിച്ചുള്ള നിയമനങ്ങള്‍.

ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ പണമില്ലാതെ കെ.എസ്.ആര്‍.ടി സി വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് ലക്ഷങ്ങളുടെ അധിക ബാധ്യതയുണ്ടാക്കുന്ന അനാവശ്യ നിയമനങ്ങള്‍ മന്ത്രിയുടെ ഓഫീസ് നേരിട്ടു നടത്തുന്നത്.

എന്നാല്‍ എം.ജി രാജമാണിക്യം എം ഡി യായിരുന്നപ്പോള്‍ മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഇടപെടലുകള്‍ക്ക് നിയന്ത്രണമുണ്ടായിരുന്നു.

നിയമവകുപ്പിലെ ജോയിന്റ് സെക്രട്ടറി വി.എം ചാക്കോയെ കഴിഞ്ഞദിവസം ചീഫ് ലോ ഓഫീസറായി നിയമിച്ചു. നിലവില്‍ കെ.എസ്.ആര്‍.ടി ട്രെയിനിങ് സ്‌കൂള്‍ പ്രന്‍സിപ്പല്‍ ഡി. ഷിബുകുമാറാണു ചീഫ് ലോ ഓഫീസര്‍ തസ്തികയിലുള്ളത്. ഷിബുകുമാറിനു മറ്റൊരു ചുമതല നല്‍കിയപ്പോള്‍ എസ്. രാധാകൃഷ്ണന്‍ എന്നയാള്‍ക്കു ലോ ഓഫീസറുടെ അധികചുമതല കൊടുത്തു. ചുരുക്കത്തില്‍ മൂന്നുപേര്‍ക്ക് ശമ്പളം കൊടുക്കേണ്ട അവസ്ഥയിലാണ് കെ.എസ്.ആര്‍.ടി.സി