ടെല്‍അവീവ്: അബൂദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രിം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‌ ഇസ്രയേല്‍ സന്ദര്‍ശിക്കാന്‍ ക്ഷണം. ഇസ്രയേല്‍ പ്രസിഡണ്ട് റീവെന്‍ റിവ്‌ലിന്‍ ആണ് ക്ഷണക്കത്തയച്ചത്. റിവ്‌ലിനെ യുഎഇ സന്ദര്‍ശിക്കാന്‍ മുഹമ്മദ് ബിന്‍ സായിദും ക്ഷണിച്ചിട്ടുണ്ട്.

ഇരുരാഷ്ട്രങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി ബന്ധത്തില്‍ പുതിയ അധ്യായം ആരംഭിക്കാനാണ് ഇസ്രയേല്‍ പ്രസിഡണ്ട് ആവശ്യപ്പെട്ടിട്ടുള്ളത്. അബ്രഹാം കരാര്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള അബൂദാബി കിരീടാവകാശിയുടെ ശ്രമങ്ങളെ പ്രസിഡണ്ട് പ്രശംസിക്കുകയും ചെയ്തു- ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു.

ക്രിയാത്മകവും നിര്‍മാണാത്മകവുമായ പ്രസിഡണ്ടിന്റെ നിലപാടില്‍ ശൈഖ് മുഹമ്മദ് മറുപടിക്കത്തില്‍ നന്ദിയറിയിച്ചു. പ്രസിഡണ്ടിനെ യുഎഇയിലേക്ക് ക്ഷണിക്കുകയും ചെയ്തു.

ഓഗസ്റ്റ് 13നാണ് ഇരുരാഷ്ട്രങ്ങളും തമ്മില്‍ നയതന്ത്ര ബന്ധം ആരംഭിച്ചത്. സെപ്തംബര്‍ 15ന് വൈറ്റ്ഹൗസില്‍ വച്ച് ചരിത്രപരമായ കരാറില്‍ ഒപ്പുവയ്ക്കുകയും ചെയ്തു.