ലക്‌നൗ: വര്‍ഗീയ ശക്തികളെ തുരത്താന്‍ ബിഹാറില്‍ പരീക്ഷിച്ച് വിജയമായ മഹാസഖ്യം ഉത്തര്‍പ്രദേശിലും. എസ്.പിയിലെ ഔദ്യോഗിക പക്ഷവും തെരഞ്ഞെടുപ്പ് ചിഹ്നമായ സൈക്കിളും ലഭിച്ചതോടെയാണ് സഖ്യസാധ്യതകള്‍ അഖിലേഷ് യാദവ് സജീവമാക്കിയത്. കോണ്‍ഗ്രസാണ് മഹാസഖ്യത്തിലെ പ്രധാന കക്ഷി. അജിത് സിങ്ങിന്റെ രാഷ്ട്രീയ ലോക്ദള്‍(ആര്‍.എല്‍.ഡി) ഉള്‍പ്പെടെയുള്ള ചെറുപാര്‍ട്ടികളെയും സഖ്യത്തിന്റെ ഭാഗമാക്കും.

പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഉത്തര്‍പ്രദേശിലെ 403 നിയമസഭാ മണ്ഡലങ്ങളില്‍ 300 സീറ്റില്‍ സമാജ് വാദി പാര്‍ട്ടി മത്സരിക്കും. 75 സീറ്റ് കോണ്‍ഗ്രസിനും നല്‍കും. ആര്‍.എല്‍.ഡി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്ക് 25 മുതല്‍ 30 സീറ്റുകള്‍ വരെ നല്‍കും. മഹാസ്യഖ്യം ബിഹാറില്‍ വന്‍ വിജയമായിരുന്നു. ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡിയും നിതീഷ് കുമാറിന്റെ ജെ.ഡിയുവും കോണ്‍ഗ്രസും ചേര്‍ന്നാണ് സഖ്യം രൂപീകരിച്ചിരുന്നത്. കോണ്‍ഗ്രസുമായുളള സഖ്യത്തോട് അഖിലേഷിന് ആദ്യമെ യോജിപ്പായിരുന്നു.

പിതാവ് മുലായം സിങ് മാത്രമായിരുന്നു ഇതിന് എതിര്‍നിന്നിരുന്നത്. കൂട്ടുകെട്ട് കോണ്‍ഗ്രസിനും ലാഭമാണ്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, അഖിലേഷ് യാദവ് എന്നീ യുവതുര്‍ക്കികള്‍ക്കു കീഴില്‍ ബി.ജെ.പിയെ കെട്ടുകെട്ടിക്കാനാവുമെന്നും എസ്.പിയുമായി അകന്നു നിന്ന മുസ്‌ലിം വിഭാഗങ്ങളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാനാവുമെന്നുമാണ് മഹാസഖ്യ രൂപീകരണത്തിന്റെ ലക്ഷ്യങ്ങളാണ്. ഏഴ് ഘട്ടമായി നടക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം മാര്‍ച്ച് പതിനൊന്നിനാണ്.