ലഖ്‌നൗ: ബിഹാര്‍ തെരഞ്ഞെടുപ്പിലെ തോല്‍വി യുപിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇതിന്റെ ഭാഗമായി കോവിഡ് മൂലം നിര്‍ത്തിവച്ചിരുന്ന എല്ലാ പാര്‍ട്ടി പരിപാടികളും പുനരാരംഭിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. പാര്‍ട്ടിയെ താഴേത്തട്ടില്‍ ശക്തിപ്പെടുത്തുകയാണ് പ്രിയങ്കയുടെ ഉന്നം.

ബ്ലോക്ക് തല പ്രസിഡണ്ടുമരുടെയും കമ്മിറ്റികളുടെയും തെരഞ്ഞെടുപ്പ് ഡിസംബര്‍ 28ന് അകം പൂര്‍ത്തീകരിക്കാന്‍ പ്രിയങ്ക നിര്‍ദേശിച്ചു. സംസ്ഥാനത്തുടനീളം പാര്‍ട്ടിയുടെ നെറ്റ്‌വര്‍ക്ക് വിപുലപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് സംഘടനാ ചുമതലയുള്ള സെക്രട്ടറി സിദ്ധാര്‍ത്ഥ് പ്രിയ ശ്രീവാസ്തവ എകണോമിക് ടൈംസിനോട് പറഞ്ഞു.

പാര്‍ട്ടി സ്ഥാപക ദിനമായ ഡിസംബര്‍ 28ന് സംസ്ഥാനത്ത് നടത്തുന്ന ഫ്‌ളാഗ് മാര്‍ച്ചില്‍ എംപിമാര്‍, എംഎല്‍എമാര്‍ ഉള്‍പ്പെടെ അറുപതിനായിരം പേര്‍ പങ്കെടുക്കും. 2019ല്‍ ചുമതലയേറ്റ അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിന്റെ നേതൃത്വത്തിലാണ് പാര്‍ട്ടി നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാന്‍ ഒരുങ്ങുന്നത്.

അതിനിടെ, യുപി ഉപതെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി മോശം പ്രകടനമാണ് കാഴ്ച വച്ചത്. ഏഴു സീറ്റുകളില്‍ നാലിടത്തും പാര്‍ട്ടിക്ക് കെട്ടിവച്ച കാശു പോയി. രണ്ടിടത്ത് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ രണ്ടാമതെത്തി. ഏഴില്‍ ആറിടത്താണ് കോണ്‍ഗ്രസ് മത്സരിച്ചത്.

ബന്‍ഗാര്‍മൗ, ഘടംപൂര്‍, ബുലന്ദ്ഷഹര്‍, ദിയോരിയ, നൗഗാവന്‍, സദത്, തുണ്ഡ്‌ല, മല്‍ഹാനി സീറ്റുകളിലേക്കായിരുന്നു ഉപതെരഞ്ഞെടുപ്പ്. സമാജ് വാദി പാര്‍ട്ടി ജയിച്ച മല്‍ഹാനി ഒഴികെയുള്ള എല്ലാ സീറ്റിലും വിജയിച്ചത് ബിജെപിയാണ്. ബന്‍ഗാര്‍മൗ, ഘടംപൂര്‍ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് രണ്ടാമതെത്തി.