വാഷിങ്ടണ്‍: യുഎസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ 306 ഇലക്ടോറല്‍ വോട്ടുകള്‍ നേടി ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്റെ അപ്രമാദിത്വം. നിലവിലെ പ്രസിഡണ്ടും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിന് 232 ഇലക്ടോറല്‍ വോട്ടുകള്‍ മാത്രമാണ് കിട്ടിയത്. പരമ്പരാഗതമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഒപ്പം നില്‍ക്കുന്ന ജോര്‍ജിയ, അരിസോണ അടക്കമുള്ള പ്രദേശങ്ങള്‍ കീഴടക്കിയാണ് ബൈഡന്‍ വിജയിച്ചത് എന്ന് സിഎന്‍എന്‍, എബിസി വാര്‍ത്താ നെറ്റ്‌വര്‍ക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2016ല്‍ ഹിലരി ക്ലിന്റണെ തോല്‍പ്പിച്ച വേളയില്‍ ട്രംപ് നേടിയതും 306 വോട്ടാണ്. യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം നോര്‍ത്ത് കരോലിയില്‍ ട്രംപ് വിജയിച്ചു. ഇതോടെയാണ് യുഎസ് പ്രസിഡണ്ടിന്റെ വോട്ടുകളുടെ എണ്ണം വര്‍ധിച്ചത്. 270 വോട്ടുകളാണ് ഭൂരിപക്ഷത്തിനു വേണ്ടത്.

ബൈഡന്‍ വിജയിച്ചിട്ടും അതംഗീകരിക്കാതെ നില്‍ക്കുകയാണ് ട്രംപ്. തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നതായാണ് അദ്ദേഹത്തിന്റെ ആരോപണം. ചരിത്രത്തിലെ തന്നെ ഏറ്റവും സുതാര്യമായ തെരഞ്ഞെടുപ്പാണ് നടന്നത് എന്ന് പോളിങ് സമിതി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ആഭ്യന്തര സുരക്ഷാ വിഭാഗം, തെരഞ്ഞെടുപ്പ് സമിതിയിലെ മേലുദ്യോഗസ്ഥര്‍, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ അടങ്ങുന്ന സമിതിയാണിത്.

കടുത്ത മത്സരം നടന്ന സംസ്ഥാനങ്ങളിലെ ഫലപ്രഖ്യാപനങ്ങള്‍ ചോദ്യം ചെയ്ത് ട്രംപ് കോടതികളെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ കൃത്രിമം നടന്നതായുള്ള ആരോപണം തെളിയിക്കാന്‍ ഇതുവരെ ട്രംപിനായിട്ടില്ല.