ലക്‌നൗ: പ്രിയങ്കാ ഗാന്ധിയുടെ സജീവ രാഷ്ട്രീയ പ്രവേശത്തിന് ശേഷം ആദ്യമായി നടത്തിയ റോഡ് ഷോയ്ക്ക് വന്‍ ജനപങ്കാളിത്തം. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത പ്രിയങ്ക ഗാന്ധിയ്ക്കും ജ്യോതിരാദിത്യ സിന്ധ്യയ്ക്കും അഭിവാദ്യമര്‍പ്പിച്ച് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച റോഡ് ഷോയില്‍ വഴിയിലുടനീളം സ്വീകരണവുമായി പ്രവര്‍ത്തകരെത്തി. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യുപിയിലെ പുതിയ ജനറല്‍ സെക്രട്ടറിമാരെ അനുഗമിച്ചു.

രാഹുലിനും പ്രിയങ്കയ്ക്കും അഭിവാദ്യമര്‍പ്പിച്ച് മുദ്രാവാക്യം മുഴക്കിയാണ് പ്രവര്‍ത്തകര്‍ നേതാക്കളെ വരവേറ്റത്. ഇന്ദിരയുടെ വരവെന്നാണ് പ്രിയങ്കയുടെ റാലിയെ ഉത്തര്‍ പ്രദേശിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിശേഷിപ്പിച്ചത്. നൃത്തം വച്ചും ജയ് വിളിച്ചും പ്രവര്‍ത്തകര്‍ പ്രിയങ്ക ഗാന്ധിയെ വരവേറ്റു. വഴിയിലുടനീളം പ്രിയങ്കയുടെ പോസ്റ്ററുകളും പ്ലക്കാര്‍ഡുകളും പടുകൂറ്റന്‍ ഹോഡിംഗുകള്‍ ഉയര്‍ത്തിയും അലങ്കാരങ്ങള്‍ ചാര്‍ത്തിയുമാണ് പ്രവര്‍ത്തകര്‍ പ്രിയങ്കക്ക് വരവേല്‍പ്പൊരുക്കിയത്.

പ്രിയങ്കയെ ദുര്‍ഗയായി അവതരിപ്പിക്കുന്ന ബോര്‍ഡുകള്‍ ലക്‌നൗ നഗരത്തില്‍ പാര്‍ട്ടി ഉയര്‍ത്തിയിരുന്നു. വിമാനത്താവളം മുതല്‍ പിസിസി ആസ്ഥാനമായ നെഹ്‌റു ഭവന്‍ വരെ വഴിയിലുടനീളം പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ കാത്തുനിന്നു. നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ റോഡ് ഷോയ്ക്ക് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. സംഘടനാപരമായി കോണ്‍ഗ്രസ് ഏറെ ദുര്‍ബലമായ ഉത്തര്‍ പ്രദേശില്‍ റാലിക്കായി വന്നെത്തിയ ജനക്കൂട്ടം പ്രിയങ്കയുടെ ജനപ്രിയതയ്ക്ക് തെളിവായി. റായ് ബെറേലിക്കും അമേത്തിക്കും പുറത്ത് ആദ്യമായാണ് പ്രിയങ്ക ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തത്. ഉത്തര്‍പ്രദേശില്‍ പ്രിയങ്ക നയിച്ച റാലിക്ക് ലഭിക്കുന്ന ജനപ്രിയത തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന് ഇരട്ടിമധുരമായി.