ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പ കോടികള്‍ വാഗ്ദാനം ചെയ്ത സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്. ജെ.ഡി.എസ് എം.എല്‍.എ നാഗനഗൗഡയെ ബി.ജെ.പിയിലെത്തിക്കാന്‍ മകന്‍ ശരണ ഗൗഡയ്ക്ക് 25 കോടി രൂപ യെദ്യൂരപ്പ വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖ കഴിഞ്ഞദിവസം കുമാരസ്വാമി പുറത്തുവിട്ടിരുന്നു. ശബ്ദരേഖ വിവാദമായതാണ് ബിജെപി നേതാവിനെ കുരുക്കിയത്.

നിയമസഭാ സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാറിന്റെ നിര്‍ദേശപ്രകാരം മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. 15 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. താനടക്കം എം.എല്‍.എമാരെ സംശയത്തില്‍ നിര്‍ത്തിയ നടപടിയില്‍ അന്വേഷണം വേണമെന്ന്് സ്പീക്കര്‍ നിയമസഭയില്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്.

കഴിഞ്ഞ എട്ടാം തിയ്യതി കര്‍ണാടക ബജറ്റ് അവതരിപ്പിക്കുന്നതിനു തൊട്ടുമുന്‍പാണ് മുഖ്യമന്ത്രി കുമാരസ്വാമി ശബ്ദരേഖ പുറത്തുവിട്ടത്. എന്നാല്‍ വെളിപ്പെടുത്തലിനെ എതിര്‍ത്ത് ബിജെപിയും യെദ്യൂരപ്പയും രംഗത്തെത്തുകയായിരുന്നു. ശരണഗൗഡയെ കണ്ടിട്ടില്ലെന്നും ശബ്ദം മിമിക്രിക്കാരെ ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്നുമായിരുന്നു യെദ്യൂരപ്പയുടെ ആദ്യ പ്രതികരണം. ശബ്ദം തന്റേതെന്നു തെളിയിക്കാനായാല്‍ 24 മണിക്കൂറിനകം രാഷ്ട്രീയം വിടാമെന്നും അദ്ദേഹം വെല്ലുവിളിച്ചു. എന്നാല്‍ കുരുക്ക് മുറുകിയതോടെ ദേവദുര്‍ഗയിലെ ഗസ്റ്റ് ഹൗസില്‍ ശരണഗൗഡയെ കണ്ടിരുന്നതായി യെദ്യൂരപ്പ സമ്മതിച്ചു. അന്വേഷണം പ്രഖ്യാപിക്കുമെന്ന് ഉറപ്പായതോടെ ശബ്ദം തന്റേതാണെന്നും പറഞ്ഞു. സ്പീക്കര്‍ രമേഷ് കുമാറിനെ 50 കോടി രൂപ നല്‍കി വശത്താക്കിയിട്ടുണ്ടെന്നും സുപ്രീംകോടതിയിലെ കാര്യങ്ങള്‍ പ്രധാനമന്ത്രിയും അമിത് ഷായും നോക്കിക്കൊള്ളുമെന്നും യെഡിയൂരപ്പ പറയുന്നതായി ഓഡിയോയിലുണ്ട്.

അതേസമയം അന്വേഷണത്തെ എതിര്‍ത്ത് ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തി. സര്‍ക്കാര്‍തല അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സ്പീക്കര്‍ തന്നെ മറ്റൊരു അന്വേഷണ കമ്മിറ്റിയെ നിയമിക്കണമെന്നും ബി.ജെ.പി നേതാവ് ജഗദീഷ് ഷെട്ടാര്‍ ആവശ്യപ്പെട്ടു. തന്നെ കുടുക്കാന്‍ കുമാരസ്വാമി ശരണഗൗഡയെ അയയ്ക്കുകയായിരുന്നു എന്നാണ് യെദ്യൂരപ്പയുടെ പുതിയ ന്യായീകരണം.