മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയുടേതെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ എയിംസ് ആസ്പത്രിയില്‍ അന്ത്യ നിമിഷങ്ങളില്‍ ചികിത്സിച്ച ഡോക്ടര്‍മാര്‍ ആദരമര്‍പ്പിക്കുന്ന തരത്തില്‍ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതിലുള്ളത് വാജ്‌പേയി അല്ലെന്നും എയിംസ് ഡോക്ടര്‍മാരല്ലെന്നുമാണ് സത്യാവസ്ഥ.

2012ല്‍ ചൈനയിലെ ഒരു ആസ്പത്രിയില്‍ നിന്ന് പകര്‍ത്തിയ ചിത്രമാണ് വാജ്‌പേയിയുടേതെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം. തന്റെ അവയവങ്ങള്‍ ദാനം ചെയ്ത വ്യക്തിയുടെ മൃതദേഹത്തിന് ഡോക്ടര്‍മാര്‍ ആദരമര്‍പ്പിക്കുന്ന ഫോട്ടോയാണ് തെറ്റിദ്ധാരണ പരത്തി പ്രചരിക്കുന്നത്.

ഇന്നലെ വൈകിട്ട് 5.15നാണ് വാജ്‌പേയ് അന്തരിച്ചത്. വാര്‍ത്താകുറിപ്പിലൂടെ എയിംസ് അധികൃതര്‍ മരണവാര്‍ത്ത പുറത്തുവിട്ടു. ഇതിനു പിന്നാലെയാണ് വാജ്‌പേയുടേതെന്ന പേരില്‍ ഫോട്ടോ പ്രചരിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് നേതാവ് സോണിയഗാന്ധി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ അടക്കം നിരവധി പ്രമുഖര്‍ വാജ്‌പേയിക്ക് അന്തിമോപചാരം അര്‍പ്പിക്കാനായി അദ്ദേഹത്തിന്റെ വസതിയിലെത്തി. വൈകിട്ട് നാലു മണിയോടെ ന്യൂഡല്‍ഹിയിലെ സ്മൃതിസ്ഥാലില്‍ വാജ്‌പേയിയുടെ ഭൗതിക ശരീരം സംസ്‌കരിക്കും.