മുംബൈ: സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തിക്കു നേരെ നടക്കുന്ന ആക്രമണത്തില്‍ റിയക്ക് പിന്തുണയുമായി നടി വിദ്യാ ബാലന്‍ രംഗത്ത്. റിയയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് വേദനാജനകമെന്ന് വിദ്യാബാലന്‍ പറഞ്ഞു. സുശാന്തിന്റെ മരണം ഇപ്പോള്‍ ഒരു മാധ്യമ സര്‍ക്കസായി മാറിയെന്നും വിദ്യ കുറ്റപ്പെടുത്തി.

‘അകാലത്തിലുള്ള സുശാന്തിന്റെ മരണം ഇപ്പോള്‍ ഒരു മാധ്യമ സര്‍ക്കസായി മാറിയെന്നത് ഏറെ ദൗര്‍ഭാഗ്യകരമാണ്. അതുപോലെതന്നെ റിയയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതു കാണുമ്പോള്‍ ഒരു സ്ത്രീ എന്ന നിലയില്‍ എന്റെ ഹൃദയം പൊട്ടുകയാണ്. കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെടുന്നതുവരെ ഒരാള്‍ നിരപരാധിയല്ലെ, അതോ ഇനി നിരപരാധിയാണെന്ന് തെളിയിക്കപ്പെടുന്നതുവരെ കുറ്റവാളിയാണോ അയാള്‍?’- വിദ്യാ ബാലന്‍ ചോദിച്ചു.

നിയമം നടപ്പാക്കാന്‍ അനുവദിക്കണമെന്നു പറഞ്ഞ താരം വിധിന്യായങ്ങളില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തരുതെന്നും അറിയിച്ചു. ‘ഒരു പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങളോട് നമുക്ക് കുറച്ച് ബഹുമാനം കാണിക്കാം, നിയമം അതിന്റെ വഴിയ്ക്ക് തീരുമാനം എടുക്കട്ടെ’- വിദ്യാ ബാലന്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസം നടി ലക്ഷ്മി മന്‍ചുവും റിയയ്‌ക്കെതിരെ നടക്കുന്നത് ക്രൂരതയാണെന്നു പറഞ്ഞ് രംഗത്തുവന്നിരുന്നു. ‘എനിക്ക് ഇവിടെ നീതിന്യായവ്യവസ്ഥയിലും സുശാന്തിന് നീതി ലഭ്യമാക്കാന്‍ പരിശ്രമിക്കുന്ന എല്ലാ ഏജന്‍സികളിലും വിശ്വാസമുണ്ട്. എന്നാല്‍ അതുവരെ ഒരു കുടുംബത്തെ ഇല്ലാതാക്കുന്ന ഇത്ര ക്രൂരവും പൈശൈചികവുമായി പ്രവര്‍ത്തനങ്ങളില്‍ നിന്ന് നമുക്ക് വിട്ട് നില്‍ക്കാം’- എന്നാണ് ലക്ഷ്മി ട്വിറ്ററില്‍ കുറിച്ചത്. ലക്ഷ്മിയുടെ പോസ്റ്റിനു മറുപടിയെന്നോണമാണ് വിദ്യാ ബാലന്റെ പ്രസ്താവന.