തിരുവനന്തപുരം: ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വോട്ട് ചോദിക്കുന്നത് മാതൃകാപെരുമാറ്റച്ചട്ടപ്രകാരം കുറ്റകരമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ക്ഷേത്രങ്ങള്‍, പള്ളികള്‍, ചര്‍ച്ചുകള്‍, മറ്റ് ആരാധനാലയങ്ങള്‍ എന്നിവ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുളള വേദിയായി ഉപയോഗിക്കരുത്. വിവിധ ജാതികളും സമുദായങ്ങളും തമ്മില്‍ മതപരമായും ഭാഷാപരമായും സംഘര്‍ഷങ്ങള്‍ ഉളവാക്കുന്നതും നിലവിലുളള ഭിന്നതയക്ക് ആക്കം കൂട്ടുന്നതും പരസ്പരം വിദ്വേഷം ജനിപ്പിക്കുന്നതുമായ ഒരു പ്രവര്‍ത്തനത്തിലും പാര്‍ട്ടികളോ സ്ഥാനാര്‍ത്ഥികളോ ഏര്‍പ്പെടരുത്. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ വിമര്‍ശിക്കുമ്പോള്‍ അവരുടെ നയങ്ങളിലും പരിപാടികളിലും പൂര്‍വകാല പ്രവര്‍ത്തനങ്ങളിലും മാത്രമായി അത് ഒതുക്കി നിര്‍ത്തേണ്ടതാണ്. പൊതുപ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യജീവിതത്തെക്കുറിച്ച് സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും വിമര്‍ശനങ്ങള്‍ ഉന്നയിക്കരുത്.

പണമോ പാരിതോഷികമോ നല്‍കരുത്
ആലപ്പുഴ: ഒരു വ്യക്തിയുടെ തെരഞ്ഞെടുപ്പ് അവകാശത്തില്‍ ഇടപെടുംവിധം പണമോ മറ്റ് ഉപഹാരങ്ങളോ നല്‍കുന്നതും വാങ്ങുന്നതും ഐ.പി.സി സെക്ഷന്‍ 171ബി പ്രകാരം ഒരു വര്‍ഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. സമ്മതിദായകരെ ഭീഷണിപ്പെടുത്തുന്നതോ നിയമവിരുദ്ധമായി സ്വാധീനിക്കുന്നതോ ആയ ഏതൊരാള്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കൂടാതെ സമ്മതിദായകരെ സ്വാധീനിക്കുവാന്‍ ഏതെങ്കിലും തരത്തിലുള്ള കൈക്കൂലി പണമായോ സാധനമായോ നല്‍കുന്ന ഏതൊരാള്‍ക്കെതിരെയും വാങ്ങുന്നവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്ത് നടപടികള്‍ സ്വീകരിക്കാന്‍ ഫ്‌ളയിങ് സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. എല്ലാ പൗരന്മാരും പണമോ പാരിതോഷികമോ സ്വീകരിക്കുന്നതില്‍ നിന്ന് സ്വയം മാറിനില്‍ക്കേണ്ടതും അത്തരത്തിലുള്ള ഏതെങ്കിലും പ്രവൃത്തി ശ്രദ്ധയില്‍പ്പെടുകയോ ആരെങ്കിലും അത്തരത്തില്‍ സമീപിക്കുകയോ ചെയ്താല്‍ ജില്ല ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കംപ്ലയിന്റ് മോണിറ്ററിങ് സെല്ലിന്റെ കോള്‍ സെന്റര്‍ നമ്പരായ 1950 ല്‍ വിവരം അറിയിക്കേണ്ടതാണ്. വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കല്‍, അവരെ ഭീഷണിപ്പെടുത്തല്‍, കള്ളവോട്ട്ചെയ്യല്‍, പോളിംഗ് സ്റ്റേഷനിലേക്കും തിരിച്ചും വോട്ടര്‍മാരെ വാഹനത്തില്‍ എത്തിക്കല്‍ തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ആളുകള്‍ വിട്ടുനില്‍ക്കണം. അനുവാദമില്ലാതെ മറ്റൊരാളുടെ ഭൂമിയോ കെട്ടിടമോ ചുറ്റുമതിലോ പ്രചരണ പ്രവര്‍ത്തനങ്ങളായി ഉപയോഗിക്കാന്‍ പാടില്ലെന്നും കമ്മീഷന്‍ നിഷ്‌ക്കര്‍ഷിക്കുന്നു. മറ്റു പാര്‍ട്ടിക്കാരുടെ പരിപാടികളില്‍ കുഴപ്പമുണ്ടാക്കുന്നതും അവിടെ ചെന്ന് തങ്ങളുടെ ലഘുലേഖകളോ മറ്റോ വിതരണം ചെയ്യുന്നതും കുറ്റകരമാണ്.