വാളയാര്‍ കേസ് പ്രതി ജീവനൊടുക്കി. പ്രതി പ്രദീപ് കുമാറാണ് മരിച്ചത്. ചേര്‍ത്തല വയലാറിലെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണെന്നാണ് സൂചന. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി.

അമ്മയോടൊപ്പം ബാങ്കില്‍ പോയിരുന്നു. തിരികെയെത്തിയ ശേഷം മുറിയിലേക്ക് പോയ പ്രദീപ് കുമാര്‍ പുറത്തേക്കു വന്നില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

2017ലാണ് വാളയാറിലെ ദലിത് സഹോദരിമാര്‍ പീഡനത്തെ തുടര്‍ന്ന് തൂങ്ങി മരിച്ചുവെന്ന വാര്‍ത്ത പുറത്തു വരുന്നത്. പതിമൂന്ന് വയസുകാരിയായ മൂത്ത സഹോദരി ജനുവരി 13നാണ് മരിച്ചത്. ഇതിന് രണ്ട് മാസത്തിന് ശേഷം മാര്‍ച്ച് നാലിന് ഇളയ സഹോദരിയും മരിച്ചു. അഞ്ചു പ്രതികളുണ്ടായിരുന്ന കേസില്‍ പോക്‌സോ, ബലാത്സംഗം, ആത്മഹത്യാപ്രേരണ തുടങ്ങി ഒട്ടേറെ വകുപ്പുകള്‍ ചുമത്തിയിരുന്നെങ്കിലും തെളിവ് ശേഖരണത്തില്‍ പാളിച്ചയുണ്ടായി. ആകെ 52 സാക്ഷികളെ വിസ്തരിച്ചെങ്കിലും മിക്കവരും കൂറുമാറിയിരുന്നു.