ഉദുമ: സംഘ്പരിവാറിനെതിരെ ദേശീയ തലത്തില്‍ ഐക്യം ശക്തിപ്പെടുമ്പോള്‍ അതിനു തുരങ്കം വെക്കുന്ന വഞ്ചനാപരമായ നിലപാടാണ് സി.പി.എം സ്വീകരിക്കുന്നതെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍. യൂത്ത്‌ലീഗ് യുവജന യാത്രയുടെ രണ്ടാം ദിനം ഉദുമയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബി.ജെ.പിക്ക് എതിരെ മതേതര ഐക്യം രൂപപ്പെടണമെന്ന് നിരന്തരം പ്രസ്താവന നടത്തുന്ന സി.പി.എം അതിനുള്ള പ്രായോഗിക ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുകയാണ്. ഇക്കാര്യത്തില്‍ സി.പി.ഐ വ്യത്യസ്ഥമായ നിലപാട് സ്വീകരിച്ചിട്ടും സി.പി.എം വിട്ടു നില്‍ക്കുന്നു. ദേശീയ തലത്തില്‍ രൂപീകരിച്ച 14 യുവജന സംഘടനകളുടെ ഏകോപന സമിതി രൂപീകരണ യോഗത്തില്‍ പങ്കെടുത്ത ഡി.വൈ..എഫ്.ഐ പിന്നീട് ആ വഴി വന്നില്ല.
തെലുങ്കാനയിലെ തെരഞ്ഞെടുപ്പില്‍ മതേതര സഖ്യത്തില്‍ സി.പി.ഐ ഉള്‍പ്പെട്ടിട്ടു പോലും സി.പി.എം ചേര്‍ന്നിട്ടില്ലെന്നും സി.കെ സുബൈര്‍ കുറ്റപ്പെടുത്തി.