സിഡ്‌നി: നീണ്ട ഇടവേളക്കു ശേഷം വീണ്ടും ബാറ്റേന്തി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ആസ്‌ത്രേലിയിലുണ്ടായ കാട്ടുതീയില്‍പെട്ട് നഷ്ടംസംഭവിച്ചവരുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നടത്തിയ ബുഷ്ഫയര്‍ ക്രിക്കറ്റ് മത്സരത്തിന്റെ ഇടവേളയിലാണ് ഇതിഹാസ ഇന്ത്യന്‍ താരം ബാറ്റേന്തിയത്.
പോണ്ടിംഗ് ഇലവനും ഗില്‍ക്രിസ്റ്റ് ഇലവനും തമ്മില്‍ നടന്ന നിശ്ചിത 10 ഓവറില്‍ മത്സരത്തിന്റെ ഇടവേളയിലാണ് സച്ചിന്‍ ക്രീസിലെത്തിയത്. ആസ്‌ത്രേലിയന്‍ ഓള്‍റൗണ്ടര്‍ എലിസ് പെറിയാണ് സച്ചിനെതിരെ പന്തെറിഞ്ഞത്.

https://www.facebook.com/cricketcomau/videos/2552024751723036/

പെറി എറിഞ്ഞ ആദ്യ പന്തില്‍തന്നെ തനത് ശൈലില്‍ ലെഗ് വിക്കറ്റില്‍ ഗ്യാപ് കണ്ടെത്തിയ സച്ചിന്‍ പന്ത് ബൗണ്ടറി കടത്തി. നാലു പന്തുകള്‍ എറിഞ്ഞ പെറിക്കു ശേഷം യുവതാരം അന്നബെല്‍ സതര്‍ലന്‍ഡ് രണ്ട് പന്തുകള്‍ എറിഞ്ഞു. ആദ്യ ബൗണ്ടറിക്കു ശേഷം സച്ചിന്റെ ഷോട്ടുകളെല്ലാം ഫീല്‍ഡര്‍മാരുടെ കൈകളിലെത്തിയെങ്കിലും ആരാധകരെ കയ്യിലെടുക്കുന്ന തന്റെ മാത്രം ഷോട്ടുകളെല്ലാം പുറത്തെടുക്കാന്‍ 46 കാരനായി. അഞ്ച് വര്‍ഷത്തിനിപ്പുറം വീണ്ടും ബാറ്റെടുത്തപ്പോഴും തന്റെ പ്രതിഭക്ക് മങ്ങലേറ്റിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു ടെണ്ടുക്കറിന്റെ പ്രകടനം.