ജയ്പൂര്‍: രാജസ്ഥാനില്‍ 13കാരിയെ എട്ട് അധ്യാപകര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. ബിഖേനേര്‍ നോഖയില്‍ സ്‌കൂളിലെ അധ്യാപകരാണ് പെണ്‍കുട്ടിയെ ഒരു വര്‍ഷത്തോളം പീഢനത്തിന് ഇരയാക്കിയതെന്ന് പിതാവ് പോലീസില്‍ പരാതി നല്‍കി.

2015-ലാണ് സംഭവം. പെണ്‍കുട്ടിയെ സ്‌പെഷ്യല്‍ ക്ലാസുകളുള്ള സമയത്ത് എട്ട് അധ്യാപകര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് പീഢനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ഇതു കാണിച്ച് ഒരു വര്‍ഷത്തോളം തുടര്‍ച്ചയായി പീഢിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ അബോര്‍ഷന് വേണ്ടി ഗുളികകളും കൊടുത്തു. സംഭവം പുറത്തറിഞ്ഞാല്‍ തനിക്ക് മാനഹാനിയുണ്ടാകുമെന്ന് ഭയന്നാണ് ഇതുവരെ പോലീസില്‍ പരാതി നല്‍കാതിരുന്നതെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു. കഴിഞ്ഞ ഒന്നരവര്‍ഷമായി രക്താര്‍ബുദം പിടിപെട്ട പെണ്‍കുട്ടി ഇപ്പോള്‍ ചികിത്സയെടുത്തു വരികയാണ്. ഈ സമയത്താണ് പെണ്‍കുട്ടി പീഢനവിവരം പുറത്തുപറയുന്നത്. സംഭവത്തില്‍ പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്തു.