കോവിഡ് ഭീതി നിലനിൽക്കുന്നതിനിടയിൽ നീറ്റ് പരീക്ഷ നടത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച തമിഴ് ചലച്ചിത്ര താരം സൂര്യക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കണമെന്ന് ഹൈക്കോടതി ജഡ്ജ്. അടിസ്ഥാനവർഗത്തിന്റെ അവസ്ഥ മനസ്സിലാക്കാതെ നീറ്റുമായി മുന്നോട്ടു പോകുന്ന അധികൃതർക്കെതിരെ സൂര്യ ട്വിറ്ററിൽ നടത്തിയ രൂക്ഷമായ പരാമർശമാണ് ഹൈക്കോടതിയിലെ ജസ്റ്റിസ് എസ്.എം സുബ്രമണ്യത്തെ ചൊടിപ്പിച്ചത്. സൂര്യയുടെ ഒരുപേജ് നീണ്ട പ്രസ്താവനയിൽ നിയമസംവിധാനത്തെയും ജഡ്ജിമാരെയും അവഹേളിക്കുന്ന ഭാഗങ്ങളുണ്ടെന്നും താരത്തിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും വ്യക്തമാക്കി എസ്.എം സുബ്രമണ്യം, ചീഫ് ജസ്റ്റിസ് എ.പി സാഹിക്ക് കത്തയച്ചു.

ഇന്നലെ നീറ്റ് പരീക്ഷയുടെ സമ്മർദത്തിൽ മൂന്ന് വിദ്യാർത്ഥികൾ ജീവനൊടുക്കിയതിനു പിന്നാലെയാണ് സൂര്യ ശക്തമായ ഭാഷയിൽ പ്രതികരിച്ചത്. തമിഴ് ഭാഷയിൽ ടൈപ്പ് ചെയ്തു തയ്യാറാക്കിയ സന്ദേശത്തിൽ കോവിഡ് മഹാമാരിക്കിടെ നീറ്റ് നടത്താനുള്ള അധികൃതരുടെ തീരുമാനത്തെ ചോദ്യം ചെയ്തു. ‘എന്റെ ഹൃദയം ആ മൂന്ന് കുടുംബങ്ങൾക്കൊപ്പം’ എന്ന തലക്കെട്ടോടെയാണ് സൂര്യയുടെ കുറിപ്പ്.

‘കോവിഡ് മഹാമാരി നിലനിൽക്കുമ്പോൾ വിദ്യാർത്ഥികൾ തങ്ങളുടെ യോഗ്യത തെളിയിക്കാൻ പരീക്ഷയെഴുതേണ്ടി വരുന്നുവെന്നത് വേദനാജനകമാണ്. എല്ലാവർക്കം തുല്യ അവസരങ്ങൾ ഉറപ്പാക്കേണ്ട സർക്കാർ വിവേചനം സൃഷ്ടിക്കുന്ന നിയമമാണ് കൊണ്ടുവന്നിരിക്കുന്നത്. ഈ നിയമങ്ങൾ ഉണ്ടാക്കിയ ആളുകൾക്ക് രാജ്യത്തെ പാവപ്പെട്ടവരുടെയും പാർശ്വവൽകൃതരായ ജനങ്ങളുടെയും അടിസ്ഥാന യാഥാർത്ഥ്യം അറിയില്ല.’ – സൂര്യ കുറിപ്പിൽ പറയുന്നു.

‘കൊറോണ വൈറസ് കാരണം കോടതികൾ വീഡിയോ കോൺഫറൻസ് വഴിയാണ് വിധിന്യായം പറയുന്നത്. എന്നിട്ടും കോടതികൾ വിദ്യാർത്ഥികളോട് പേടിയില്ലാതെ പോയി പരീക്ഷയെഴുതാൻ ആവശ്യപ്പെടുന്നു.’ – സൂര്യ പറയുന്നു. ഈ പരാമർശത്തിനെതിരെയാണ് ഹൈക്കോടതി ജഡ്ജ് രംഗത്തുവന്നത്. ഇത് കോടതിയുടെ വിശ്വാസ്യതയെയും ജഡ്ജിമാരുടെ ആത്മാർത്ഥതയെയും ചോദ്യം ചെയ്യുന്നതാണെന്നും പൊതുജനങ്ങൾക്ക് നിയമവ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടാൻ ഇത് ഇടയാക്കുമെന്നും എസ്.എം സുബ്രമണ്യം ചീഫ് ജസ്റ്റിസിനയച്ച കത്തിൽ പറയുന്നു. തമിഴ്‌നാട്ടിലെ അഭിഭാഷകരുടെ കൂട്ടായ്മയും സൂര്യയുടെ നിലപാടിനെ വിമർശിച്ചു.

അതിനിടെ, സൂര്യക്കെതിരെ നടപടിയെടുക്കരുതെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ആറ് ജഡ്ജിമാർ രംഗത്തുവന്നു. സൂര്യയുടെ പരാമർശം അനവസരത്തിലുള്ളതാണെങ്കിലും അത്തരം പ്രതികരണം നടത്താൻ താരത്തിന് അവകാശമുണ്ടെന്നും റിട്ട. ജഡ്ജിമാർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞുു.