കൊച്ചി: കൊച്ചിയില്‍ നടി കാറില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി നടി ഇനിയ രംഗത്ത്. എല്ലാത്തിനും അനുവദിച്ചതിനു ശേഷം തന്നെ അതു ചെയ്തു ഇതു ചെയ്തുവെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നാണ് ഇനിയ പറയുന്നത്. കൃത്യ സമയത്ത് എതിര്‍ക്കാനും പ്രതികരിക്കാനുമുള്ള തന്റേടമാണ് സ്ത്രീകള്‍ കാണിക്കേണ്ടതെന്നും ഇനിയ പറയുന്നു. നടി ആക്രമിക്കപ്പെട്ട സംഭവം തീര്‍ത്തും ഭീതിജനകമായ സാഹചര്യമാണ്. ആക്രമിക്കപ്പെട്ട സംഭവം മൂടിവെക്കാതെ പരാതിപെടാന്‍ തയാറായതിനെ പ്രശംസിക്കണം. അവര്‍ സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചു വന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ഇനിയ പ്രതികരിച്ചു.
‘ഞാന്‍ ഒറ്റക്ക് ഒരിടത്തും പോകാറില്ല. സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാതിരിക്കുന്നതാണ് നല്ലത്. എല്ലാവരും നന്മ മാത്രം ആഗ്രഹിക്കുന്നവരല്ല. പിന്നെ വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ. ഞാന്‍ സുരക്ഷിതയാണെന്നൊന്നും കരുതുന്നില്ല. പിന്നെ കൊച്ചിയിലെ സംഭവം പരിശോധിച്ചാല്‍ എന്റെ മുറിയിലേക്ക് ഒരാള്‍ കടന്നു വരണമെങ്കില്‍ ഞാന്‍ മുറിയുടെ വാതില്‍ തുറന്നു കൊടുക്കണമല്ലോ. ഞാന്‍ കൂടി സമ്മതിക്കാതെ എന്റെ സ്വകാര്യതയിലേക്ക് ആരും വരില്ല. തന്റേടത്തോടെ ദൃഢമായി നിന്നാല്‍ ആരും നമുക്കെതിരെ തിരിയില്ല. എല്ലാത്തിനും അനുവദിച്ചതിനു ശേഷം എന്നെ അതു ചെയ്തു, ഇതു ചെയ്തുവെന്ന് പറഞ്ഞിട്ടു കാര്യമില്ല. കൃത്യ സമയത്ത് പ്രതികരിക്കാനുള്ള തന്റേടമാണ് കാണിക്കേണ്ടത്. എന്റെ ജീവിതത്തില്‍ അത്തരമൊരു അനുഭവമുണ്ടായിട്ടില്ല. ഉണ്ടാവാനും സാധ്യതയില്ല. അച്ഛനും അമ്മയും ഒപ്പമുണ്ടെന്ന വിശ്വാസമാണ് അതിനാധാരം. ഷൂട്ടിങ് സെറ്റില്‍ ആരെങ്കിലും മോശമായി സംസാരിക്കുകയോ നോക്കുകയോ ചെയ്താല്‍ എല്ലാവരും കേള്‍ക്കെ ഞാന്‍ പ്രതികരിക്കും. വീട്ടുകാരോട് പറയുകയും ചെയ്യും.’-ഇനിയ പറയുന്നു.