മുംബൈ: മുംബൈ ടെസ്റ്റില്‍ ഇന്ത്യയുടെ ജയത്തില്‍ മുഖ്യപങ്ക് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെതാണ്. ഡബിള്‍ സെഞ്ച്വറി നേടിയ താരം കരിയറില്‍ ഒരു കലണ്ടര്‍ വര്‍ഷം മൂന്ന് ഡബിള്‍ സെഞ്ച്വറികളെന്ന നേട്ടവും സ്വന്തം പേരിലാക്കിയിരുന്നു. എന്നാല്‍ കോഹ് ലിയുടെ ഫോം ഇംഗ്ലീഷ് ബൗളര്‍ ആന്‍ഡേഴ്‌സന് അത്ര രസിച്ചിട്ടില്ലെന്ന് തോന്നുന്നു. അദ്ദേഹം പറയുന്നത് ഇന്ത്യന്‍ പിച്ചിലായത് കൊണ്ടാണ് കോഹ് ലിയുടെ ഫോം എന്നാണ്.

 
‘ബാറ്റിങ്ങില്‍ കോഹ്ലിക്കു വലിയ മാറ്റമൊന്നമുണ്ടായിട്ടില്ല. അദ്ദേഹം വരുത്താറുള്ള സാങ്കേതികപ്പിഴവുകള്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നുണ്ട്. പക്ഷേ ഇന്ത്യന്‍ പിച്ചുകളില്‍ അതു മൂടിവയ്ക്കാന്‍ കഴിയും. ഇവിടെ ഇംഗ്ലണ്ടിലേതു പോലുള്ള വേഗമേറിയ വിക്കറ്റ് അല്ല, വിരാട് ഇവിടുത്തെ സാഹചര്യങ്ങളോടു ശീലിച്ചു കളിച്ചു വന്നതാണ്. അദ്ദേഹത്തിന് ഇവിടെ കൂടുതല്‍ പരിചയമുണ്ട്” ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.

2014ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ചു ടെസ്റ്റുകളില്‍ നാലുതവണ കോഹ്‌ലിയെ ആ്ന്‍ഡേഴ്‌സണ്‍ മടക്കിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ പര്യടനത്തില്‍ കോഹ്ലിയെ പോയിട്ട് കാര്യമായി വിക്കറ്റ് നേടാനൊന്നും ആന്‍ഡേഴ്‌സനായിരുന്നില്ല. മുംബൈ ടെസ്റ്റ് തോറ്റതോടെ ഇംഗ്ലണ്ട് പരമ്പര കൈവിട്ടു.