ലിസ്ബന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍ ബാഴ്‌സലോണയെ ഗോളില്‍ മുക്കിക്കൊന്ന് ബയേണ്‍ മ്യൂനിച്ച്. എട്ടു ഗോളിന്റെ നാണം കെട്ട തോല്‍വിയാണ് ബാഴ്‌സക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. ചരിത്രത്തില്‍ തന്നെ ബാഴ്‌സലോണ നേരിട്ട ഏറ്റവും വലിയ അപമാനങ്ങളിലൊന്ന്.

ബാഴ്‌സ വധത്തിന്റെ തുടക്കം മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ ആരംഭിച്ചു. മുള്ളറാണ് ബയേണിനു വേണ്ടി ആദ്യം വല കുലുക്കിയത്. ലെവന്‍ഡോവ്‌സ്‌കിയുടെ പാസ് സ്വീകരിച്ച് ഇടംകാല്‍ കൊണ്ട് ഷൂട്ട് ചെയ്്ത് മുള്ളര്‍ ഒന്നാമത്തെ ഗോള്‍ വലയിലെത്തിച്ചു. പിന്നീട് ഏഴാം മിനിറ്റില്‍ അലാബയുടെ വക ഒരു സെല്‍ഫ് ഗോള്‍, ബാഴ്‌സക്ക് ആശ്വാസം (1-1).

പിന്നെ ഗ്രൗണ്ടില്‍ കണ്ടത് ബയേണ്‍ താരങ്ങളുടെ ഗോള്‍ മേളമായിരുന്നു. 21ാം മിനിറ്റില്‍ ഗ്നാബ്ബറിയുടെ പാസില്‍ പെരിസിചിന്റെ ഇടംകാല്‍ ഷോട്ട്, 27ാം മിനിറ്റില്‍ ഗ്നാബറിയുടെ വക ഒന്ന്, നാലു മിനിറ്റ് കഴിഞ്ഞ് മുള്ളറിന്റെ തന്നെ രണ്ടാമത്തേത്. അതോടെ ഒന്നാം പകുതി അവസാനിച്ചു. സ്‌കോര്‍ (4-1).

രണ്ടാം പകുതിയില്‍ ഗ്രീസ്മാനെ ഇറക്കി ബാഴ്‌സ അറ്റാക്കിങ്ങിന്റെ ആക്കം കൂട്ടാന്‍ നോക്കി. 57ാം മിനിറ്റില്‍ സുവാരസിലൂടെ ബാഴ്‌സ രണ്ടാം ഗോള്‍ നേടി. മനോഹരമായിരുന്നാ ഡിഫന്‍സിനെ വെട്ടിച്ചുള്ള ഗോള്‍. (4-2).

പക്ഷേ ബയേണ്‍ ഒട്ടും പതറിയില്ല. അഞ്ചാം ഗോള്‍ കിമ്മിച്ച് നേടി. ഇടതുവിങ്ങില്‍ നിന്ന് സെമഡോയെ കാഴ്ചക്കാരനാക്കി ഡേവിസ് നടത്തിയ അതിമനോഹരമായ ഡ്രിബ്ലിങ് വഴിയാണ് ആ ഗോള്‍ പിറന്നത്. ഡേവിസിന്റെ പാസിന് വലയിലേക്ക് വഴി കാണിക്കേണ്ട പണിയേ കിമ്മിചിനുണ്ടായിരുന്നുള്ളൂ. കൗട്ടിനോയുടെ ക്രോസില്‍ നിന്ന് ലെവന്‍ഡോവ്‌സ്‌കി ഹെഡ് ചെയ്ത് ആറാം ഗോള്‍ നേടി. പിന്നാലെ ഏഴാം ഗോളും എട്ടാം ഗോളും കൗട്ടീനോ നേടി. ഇതോടെ കളി ഏതാണ്ട് അവസാന മിനിറ്റുകളിലെത്തി. അതോടെ ബയേണ്‍ വേട്ട അവസാനിപ്പിച്ചു. (8-2)

ബാഴ്‌സയില്‍ മെസിയുടെ നിഴല്‍ പോലും കാണാനില്ലായിരുന്നു ഇന്ന്. സുവാരസിന് പതിവു വേഗതയില്ല. അയഞ്ഞ പ്രതിരോധത്തിനു പുറമെ ബാക് പാസുകള്‍ കൂടി നല്‍കി ബാഴ്‌സ കളിയെ വിരസമാക്കി. എട്ടു ഗോളുകള്‍ വാങ്ങിയെങ്കില്‍ കൂടി ടെര്‍സ്റ്റഗന്‍ പല ഗോളുകളും തടുത്തു രക്ഷിച്ചു. സെമിയില്‍ ഇനി മാഞ്ചസ്റ്റര്‍ സിറ്റിയും ലിയോണും തമ്മിലുള്ള മത്സരത്തിലെ വിജയികളുമായി ബയേണ്‍ ഏറ്റുമുട്ടും.