ലിസ്ബണ്‍: ബ്രസീലിയന്‍ ഗോള്‍കീപ്പര്‍ എഡേഴ്‌സണ്‍ പോര്‍ച്ചുഗീസ് ക്ലബ്ബ് ബെന്‍ഫിക്കയില്‍ നിന്ന് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക്. 40 ദശലക്ഷം യൂറോ (289 കോടി രൂപ) നല്‍കി 23-കാരനെ വാങ്ങാന്‍ ഇംഗ്ലീഷ് ക്ലബ്ബ് സമ്മതിച്ചതായി ബെന്‍ഫിക്ക വ്യക്തമാക്കി. പ്രീമിയര്‍ ലീഗില്‍ ഒരു ഗോള്‍കീപ്പറുടെ ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ തുകയാണിത്.

പ്രീമിയര്‍ ലീഗിന്റെ അംഗീകാരം ലഭിച്ചാലുടന്‍ മാഞ്ചസ്റ്റര്‍ സിറ്റി എഡേഴ്‌സണുമായി അഞ്ചുവര്‍ഷ കരാറില്‍ ഒപ്പുവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലീഗ് സീസണ്‍ അവസാനിച്ച ശേഷം സിറ്റി സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് എമേഴ്‌സണ്‍. നേരത്തെ പോര്‍ച്ചുഗീസ് പ്ലേമേക്കര്‍ ബെര്‍ണാര്‍ഡോ സില്‍വയെ മൊണാക്കോയില്‍ നിന്ന് വാങ്ങിയിരുന്നു.

ബെന്‍ഫിക്കയുടെ യൂത്ത് അക്കാദമി താരമായിരുന്ന എഡേഴ്‌സണ്‍, റിബീറാവോ, റിയോ ആവെ ക്ലബ്ബുകളില്‍ കളിച്ച ശേഷമാണ് 2015-ല്‍ ടീമില്‍ മടങ്ങിയെത്തിയത്. ഈ സീസണില്‍ തുടര്‍ച്ചയായ നാലാം പ്രിമേറ ലീഗ കിരീടം ബെന്‍ഫിക്ക നേടിയപ്പോള്‍ എഡേഴ്‌സന്റെ മികവ് നിര്‍ണായകമായി. കഴിഞ്ഞയാഴ്ച ബെന്‍ഫിക്ക ജയിച്ച ടാക്ക ദെ പോര്‍ച്ചുഗല്‍ ഫൈനലായിരുന്നു ബെന്‍ഫിക്കയില്‍ എഡേഴ്‌സന്റെ അവസാന മത്സരം.
കഴിഞ്ഞ സീസണില്‍ പകുതിയോളം മത്സരങ്ങളില്‍ വലകാത്ത വെറ്ററന്‍ താരം വില്ലി കബായെറോയുടെ കരാര്‍ പുതുക്കാതെയാണ് സിറ്റി പുതിയ ഗോള്‍കീപ്പര്‍ക്കു വേണ്ടി തെരച്ചില്‍ തുടങ്ങിയത്. ബാര്‍സലോണയില്‍ നിന്നെത്തിയ ക്ലോഡിയോ ബ്രാവോയുടെ പ്രകടനം കഴിഞ്ഞ സീസണില്‍ നിരാശാജനകമായിരുന്നു. ഗ്വാര്‍ഡിയോളക്കു മുമ്പ് സിറ്റിയുടെ സ്ഥിരം കീപ്പറായിരുന്ന ജോ ഹാര്‍ട്ട്, ഇറ്റാലിയന്‍ ക്ലബ്ബ് ടോറിനോയിലെ ലോണ്‍ കാലാവധി കഴിഞ്ഞ് തിരിച്ചെത്തിയിട്ടുണ്ടെങ്കിലും മറ്റേതെങ്കിലും ക്ലബ്ബിലേക്ക് കൂടുമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എ.സി മിലാന്റെ 18-കാരന്‍ കീപ്പര്‍ ഗ്യാന്‍ലുയ്ജി ഡോണറുമ്മയായിരുന്നു സിറ്റി കോച്ച് പെപ് ഗ്വാര്‍ഡിയോളയുടെ ലിസ്റ്റില്‍ മുന്നിലുണ്ടായിരുന്നത്. എന്നാല്‍ ഇറ്റാലിയന്‍ താരത്തിനു റെക്കോര്‍ഡ് തുക ചെലവഴിക്കേണ്ടി വരുമെന്നറിഞ്ഞതോടെയാണ് സിറ്റി ബ്രസീല്‍ താരത്തിലേക്ക് തിരിഞ്ഞത്.