ഡല്‍ഹി : ഉത്സവ സീസണ്‍ വില്‍പ്പനയില്‍ വന്‍ നേട്ടം കൊയ്ത് ഫില്പ്കാര്‍ട്ടും ആമസോണും. വില്‍പ്പനയുടെ ആദ്യ നാല് ദിവസങ്ങളില്‍ ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് വഴി നടന്നത് 3.5 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 26,000 കോടി രൂപ) ഇടപാടുകളാണ്. കൊറോണ വൈറസ് കാരണം വിപണികളിലെല്ലാം വന്‍ പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും ഓണ്‍ലൈന്‍ കച്ചവടം പൊടി പൊടിക്കുകയാണ്.

ഉത്സവ സീസന്‍ വില്‍പ്പന അവസാനിക്കുമ്പോള്‍ രാജ്യത്തെ ഇ-കൊമേഴ്‌സ് വില്‍പ്പനയിലെ എല്ലാ റെക്കോര്‍ഡുകളും മറികടക്കുമെന്നാണ് കരുതുന്നത്. മുന്‍നിര ബ്രാന്‍ഡുകളായ സാംസങ്, ആപ്പിള്‍, ഷഓമി, വണ്‍പ്ലസ്, അസൂസ്, ലെനോവോ, എച്ച്പി, എല്‍ജി, വേള്‍പൂള്‍, ബജാജ് അപ്ലയന്‍സസ് എന്നിവര്‍ തങ്ങളുടെ രണ്ട് ദിവസത്തെ ഏറ്റവും വലിയ വില്‍പ്പനയ്ക്കാണ് സാക്ഷ്യം വഹിച്ചത്.

2019 ഒക്ടോബറിലെ ആറ് ദിവസത്തെ സെയിലില്‍ ആമസോണിന്റെയും ഫ്‌ലിപ്കാര്‍ട്ടിന്റെയും വില്‍പ്പന 2.7 ബില്യണ്‍ ഡോളറിലെത്തിയിരുന്നു (ഏകദേശം 20,000 കോടി രൂപ). റെഡ്‌സീറിന്റെ കണക്കനുസരിച്ച് 2018 ലെ 2.1 ബില്യണ്‍ ഡോളറില്‍ നിന്ന് 30 ശതമാനം വര്‍ധനയാണ് ഇത് കാണിക്കുന്നത്. ഇക്കോമേഴ്‌സ് കമ്പനികള്‍, മുന്‍നിര ബ്രാന്‍ഡുകള്‍, സ്വതന്ത്ര അനലിസ്റ്റുകള്‍ എന്നിവരുടെ അഭിപ്രായത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷത്തെ ഉത്സവ വില്‍പ്പനയുടെ ഒരാഴ്ച കാലയളവില്‍ മൊത്തത്തിലുള്ള ഇകൊമേഴ്‌സ് വ്യവസായം വില്‍പ്പന 30-36 ശതമാനം വര്‍ധിക്കുമെന്നാണ്.

ഈ വര്‍ഷം ബ്രാന്‍ഡുകള്‍ ശരാശരി കുറഞ്ഞ കിഴിവുകള്‍ നല്‍കിയിട്ടും ആദ്യ നാല് ദിവസത്തെ വില്‍പ്പന കുതിച്ചുയര്‍ന്നു. ഉയര്‍ന്ന നിലവാരമുള്ള സ്മാര്‍ട് ഫോണുകള്‍, ഫാഷന്‍, ഫര്‍ണിച്ചര്‍ എന്നിവ പോലുള്ള വിഭാഗങ്ങളില്‍ പരമാവധി കിഴിവുകള്‍ നല്‍കുന്നുണ്ട്.