അഹമ്മദ് ഷരീഫ് പി.വി

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്നു വിശേഷിപ്പിക്കപ്പെട്ട അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേടിയ വിജയം ഊര്‍ധ ശ്വാസം വലിക്കുന്ന മതേതര ഇന്ത്യക്ക് പകരുന്നത് ചെറുതല്ലാത്ത ഊര്‍ജ്ജമാണ്. എക്കാലവും തങ്ങളോടൊപ്പം നില്‍ക്കുമെന്ന് ബി.ജെ.പി വിശ്വസിച്ച ഹിന്ദി ഹൃദയ ഭൂമിയില്‍ സംഘ്പരിവാര്‍ പാര്‍ട്ടിയെ ചതച്ചരച്ച് കോണ്‍ഗ്രസിന്റെ വിജയ രഥം ഉരുണ്ടത് 2019ലെ പൊതു തെരഞ്ഞെടുപ്പിനായുള്ള സൈറന്‍ മുഴക്കി കൊണ്ടു തന്നെയാണ്. അഞ്ചു സംസ്ഥാനങ്ങളിലായി ബി.ജെ.പിക്ക് നഷ്ടമായത് 181 സീറ്റുകളാണ്. വിധി എഴുതിയ സംസ്ഥാനങ്ങളിലായി 83 ലോക്‌സഭാ സീറ്റുകളാണുള്ളത്. ഇതില്‍ 65 എണ്ണം മധ്യപ്രദേശ്, ചത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ്. 2014ല്‍ ഇതില്‍ 63 ഇടത്തും ബി.ജെ.പിയാണ് വിജയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലെ മാറ്റം അതു കൊണ്ട് തന്നെ ബി.ജെ.പിക്ക് ഉറക്കമില്ലാ രാവുകളാണ് ഇനി സമ്മാനിക്കുക. ദേശീയ രാഷ്ട്രീയത്തില്‍ മോദിപ്രഭാവം മങ്ങുകയാണെന്ന് അടിവരയിട്ട് തെളിയിക്കുന്നതാണ് ഇപ്പോള്‍ പുറത്തു വരുന്ന തെരഞ്ഞെടുപ്പ് ഫലം. രാഹുലിന്റെ വരവ് തല കുനിച്ച് ഇരിക്കാനല്ല, തലയുയര്‍ത്തി മുന്നേറാനുള്ളതാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. ബി.ജെ.പിയുടെ പരാജയം അടുത്ത ഏതാനും മാസങ്ങള്‍ക്കിടെ രാജ്യത്തെ രാഷ്ട്രീയ സമവാക്യങ്ങളില്‍ ഉണ്ടാക്കിയേക്കാവുന്ന മാറ്റങ്ങള്‍ക്കു നാന്ദി കുറിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടിങ് രീതി ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ചെറുതല്ലാത്ത പാഠമാണ് നല്‍കുന്നത്. തെരഞ്ഞെടുപ്പിന്റെ ഇഴകീറിയുള്ള വിശകലനങ്ങള്‍ വരും ദിനങ്ങളില്‍ പുറത്തു വരുമെങ്കിലും ഈ തെരഞ്ഞെടുപ്പ് ഫലം പ്രധാനമായും മൂന്ന്-നാല് വിഷയങ്ങളാണ് രാജ്യത്തിനു മുന്നില്‍ തുറന്നു കാട്ടുന്നത്. 1. നോട്ട് നിരോധനത്തിനു ശേഷം ജനങ്ങളുടെ ദുരിതമെന്നത് ഇപ്പോഴും ഒരു യാഥാര്‍ത്ഥ്യമാണ് പ്രത്യേകിച്ചും ഗ്രാമീണ മേഖലയില്‍. ഇത് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും. 2. വര്‍ഗീയ ധ്രുവീകരണമെന്നത് വിശ്വാസം ആര്‍ജ്ജിക്കാന്‍ സഹായിക്കുമെങ്കിലും, ഇനിയും വലിയ രീതിയില്‍ വോട്ട് ധ്രുവീകരണത്തിന് ഉപകരിക്കില്ല. 3. ശക്തമായ പ്രതിപക്ഷമോ, സഖ്യമോ ഉണ്ടെങ്കില്‍ ബി.ജെ.പി എന്നത് ഒരിക്കലും പരാജയപ്പെടുത്താനാവാത്ത ശക്തിയല്ല എന്ന സന്ദേശം. 4. എതിരാളികളെ തരം താണ രീതിയില്‍ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും, ചരിത്രത്തെ വികലമാക്കി കള്ളം പ്രചരിപ്പിക്കുന്നതും തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ കൈയ്യടി നേടിത്തരുമെങ്കിലും ഇതൊന്നും വോട്ടായി മാറില്ലെന്ന യാഥാര്‍ത്ഥ്യം.
കര്‍ഷക ജനത രാജ്യത്തുടനീളം കടന്നു പോകുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ദുരിതക്കയത്തിലൂടെയാണ്. ഈ പ്രശ്‌നങ്ങളില്‍ നിന്നും മോചനം നല്‍കാത്ത സര്‍ക്കാറുകള്‍ക്ക് അവര്‍ കരുതിവെച്ച പ്രതികാരത്തിന്റെ ആയുധമായിരുന്നു വോട്ട് എന്ന വജ്രായുധം. അത് ഫലപ്രദമായി തന്നെ വിനിയോഗിച്ചുവെന്ന് വേണം കരുതാന്‍. ഇത് തെലുങ്കാന തെരഞ്ഞെടുപ്പ് ഫലത്തില്‍ പോലും പ്രകടമാണ്. കര്‍ഷകര്‍ക്ക് പണം നല്‍കുന്ന ടി.ആര്‍.എസ് തന്ത്രമാണ് അവരെ തുണച്ചതെന്ന് വേണം കരുതാന്‍. മധ്യപ്രദേശില്‍ ബി.ജെ.പി മുഖ്യമന്ത്രിയായിരുന്ന ശിവരാജ് സിങ് ചൗഹാന്‍ സംസ്ഥാനത്ത് കര്‍ഷകര്‍ക്ക് വേണ്ടി ഏറെ ചെയ്യുന്നുവെന്ന മേനി നടിച്ചെങ്കിലും കാര്‍ഷിക വിഭവങ്ങള്‍ക്ക് തറവില ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയ മന്‍ഡ്‌സോറിലെ കര്‍ഷകര്‍ക്കു നേരെ 2017 ജൂണില്‍ നടന്ന വെടിവെപ്പോടെ ഇക്കാര്യത്തിലെ പൊള്ളത്തരം പുറത്തായിരുന്നു. തന്റെ വ്യക്തിപ്രഭാവം കൊണ്ട് ഒരു പരിധിവരെ മുന്നോട്ടു പാര്‍ട്ടിയെ കൊണ്ടു പോകാന്‍ അദ്ദേഹത്തിനായെങ്കിലും മധ്യപ്രദേശിലെ ഗ്രാമീണ ജനത ബി.ജെ.പിക്ക് നല്‍കിയ ആഘാതം ബി.ജെ.പി നേതാക്കള്‍ സ്വപ്‌നത്തില്‍ പോലും കാണാത്ത തരത്തിലുള്ളതാണ്.
സംസ്ഥാന കേന്ദ്ര സര്‍ക്കാറുകള്‍ക്ക് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന പാഠം അതിനാല്‍ തന്നെ വളരെ വ്യക്തമാണ്. നിങ്ങള്‍ കര്‍ഷകരെ മറന്നാല്‍, ഇരിപ്പിടം ഭദ്രമാവില്ലെന്നത് തന്നെയാണത്. കര്‍ഷക പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ തന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ എടുത്ത് പ്രയോഗിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യയുടെ യഥാര്‍ത്ഥ പ്രശ്‌നം ഇതു തന്നെയാണെന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ബി.ജെ.പി നേതാക്കള്‍ തിരിച്ചറിഞ്ഞതാണ്. ഈ കാരണം കൊണ്ടാണ്. വീണ്ടും രാമക്ഷേത്രവും, വര്‍ഗീയ പ്രചാരണവുമായി മോദി, ഷാ, യോഗി ത്രയം കളം നിറഞ്ഞാടിയത്. മോദിയേക്കാളും ഛത്തീസ്ഗഡ്, രാജസ്ഥാന്‍, മധ്യപ്രദേശ്, തെലുങ്കാന എന്നിവിടങ്ങളില്‍ അതി തീവ്ര വര്‍ഗീയ കാര്‍ഡിറക്കാന്‍ യു.പി മുഖ്യമന്ത്രിയെയാണ് ബി.ജെ.പി നിയോഗിച്ചത്.
മുസ്‌ലിം നാമങ്ങളുള്ള സ്ഥലങ്ങളുടെ പേരുമാറ്റവും ക്ഷേത്ര നിര്‍മാണവുമല്ലാതെ പട്ടിണിമാറ്റാനുള്ള വഴി അദ്ദേഹത്തിന് നിര്‍ദേശിക്കാനായിരുന്നില്ല. തന്റെ സംസ്ഥാനത്ത് നടക്കുന്ന വ്യാജ ഏറ്റുമുട്ടലും ആള്‍ക്കൂട്ട കൊലയും ഹിന്ദുത്വയാണെന്ന രീതിയില്‍ അവതരിപ്പിക്കാനായിരുന്നു യോഗിയുടെ ശ്രമം. എന്നാല്‍ ഇത് രാജസ്ഥാനില്‍ ഒരു മാറ്റവും കൊണ്ടു വന്നില്ല. ഹൈദരാബാദിന്റെ പേരുമാറ്റുമെന്നും ഉവൈസിക്ക് നൈസാമിനെ പോലെ ഓടിപ്പോകേണ്ടി വരുമെന്നുമൊക്കെയായിരുന്നു തെലങ്കാനയിലെ വാഗ്ദാനങ്ങള്‍. പാക്കിസ്ഥാനുമായി യുദ്ധത്തിലായിരുന്ന ഇന്ത്യയുടെ പ്രതിരോധ നിധിയിലേക്ക് ഇന്ന് വരെ മറ്റൊരിന്ത്യന്‍ പൗരനും മാതൃ രാജ്യത്തെ സര്‍ക്കാരിന് നല്‍കാന്‍ പറ്റാത്തത്ര തുക നല്‍കിയ ഉസ്മാന്‍ അലി ഖാന്‍ അസഫ് ഝാ എന്ന ഉസ്മാനിയ സര്‍വ്വകലാശാലയുടെ സ്ഥാപകനായ ഹൈദരബാദിലെ അവസാന നൈസാമിനെയാണ് യോഗി ഓടിപ്പോയ ആളായി പ്രസംഗത്തില്‍ ചിത്രീകരിച്ചത്. 1965 ല്‍ ഇന്ത്യാ പാകിസ്ഥാന്‍ യുദ്ധസമയത്ത് അന്നത്തെ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി ഇന്ത്യാ പ്രതിരോധ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയത് 5000 കിലോ സ്വര്‍ണ്ണമായിരുന്നു.മരണം വരെ ഹൈദരാബാദില്‍ തന്നെ താമസിച്ച ഇദ്ദേഹത്തെക്കുറിച്ചാണ് യോഗി ഇന്ത്യ വിട്ടോടി എന്ന് പറഞ്ഞത്. ഇതായിരുന്നു ബി.ജെ.പി ഉപയോഗിച്ച ഒരു തെരഞ്ഞെടുപ്പ് തന്ത്രം. ചരിത്രത്തെ വികലമാക്കി കല്ലുവെച്ച നുണ അടിച്ചേല്‍പിക്കുക.എന്നാല്‍ ഇതൊക്കെ ജനങ്ങള്‍ അമ്പേ തള്ളിക്കളഞ്ഞു. ചരിത്രത്തെ വികലമാക്കുന്ന മോദിയുടെ തന്ത്രമായിരുന്നു ഇതിന് യോഗി കൂട്ടു പിടിച്ചത്. നെഹ്‌റുവിനു പകരം സര്‍ദാര്‍ പട്ടേലായിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രിയായി കുറച്ചു കാലം ഭരിച്ചിരുന്നതെങ്കില്‍ രാജ്യത്തിന്റെ രീതി മാറുമായിരുന്നെന്നാണ് മോദി എല്ലാ യോഗങ്ങളിലും പറഞ്ഞിരുന്നത്. എന്നാല്‍ പട്ടേല്‍ 1950ല്‍ അന്തരിച്ചുവെന്ന ചെറിയ സത്യം പോലും അദ്ദേഹം ഉള്‍കൊള്ളാന്‍ തയാറുമല്ല. സ്വന്തം വികസന നേട്ടങ്ങളെ കുറിച്ച് പറയാതെ നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ വാഴ്ച, കോണ്‍ഗ്രസ് രാജ്യത്തിന്റെ വളര്‍ച്ച മുരടിപ്പിച്ചു തുടങ്ങി കോണ്‍ഗ്രസിനെ മാത്രം ആക്രമിക്കാനാണ് മോദി മുതിര്‍ന്നത്. താനല്ല മുന്‍ സര്‍ക്കാറുകളാണ് ഇപ്പോഴും എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് സമര്‍ത്ഥിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. അതി ഹൈന്ദവതയെ മൃദു ഹൈന്ദവത കൊണ്ട് നേരിടുകയല്ല വേണ്ടത് പകരം രാജ്യത്തെ നിരാലംബരായ ജനതക്ക് പ്രതീക്ഷ പകരുകയാണ് പ്രതിപക്ഷം ചെയ്യേണ്ടതെന്ന് ഉറപ്പിച്ചു പറയുന്ന തെരഞ്ഞെടുപ്പ് ഫലമാണിത്.
ബി.ജെ.പിയുടെ പരമ്പരാഗത വോട്ടു ബാങ്കായി നിലയുറപ്പിച്ചിരുന്ന എസ്.സി, എസ്.ടി വോട്ടുകളില്‍ കാര്യമായ വിള്ളലുണ്ടാക്കാന്‍ രാഹുലിന് കഴിഞ്ഞുവെന്നതിന്റെ തെളിവാണ് ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് നേടിയ ഉജ്വല വിജയം. വന്‍കിട മാധ്യമങ്ങളുടെ പിന്തുണയോടെ വ്യക്തിപരമായ ആക്രമണങ്ങള്‍ വഴി രാഹുലിനെ തളച്ചിടാനാവുമെന്ന ബി.ജെ.പിയുടെ തന്ത്രങ്ങള്‍ക്ക് കിട്ടിയ ആഘാതം കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. അരക്ഷിതാവസ്ഥയിലായ ന്യൂനപക്ഷങ്ങള്‍ രാഹുലിന്റെ നേതൃത്വത്തിനു കീഴിലേക്കു നീങ്ങാന്‍ തയാറായെന്നുള്ളതും കോണ്‍ഗ്രസിനെ സംബന്ധിച്ച് ശുഭ സൂചനയാണ്. പപ്പു എന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ വിളിച്ച് അധിക്ഷേപിച്ച രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അമരത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ട് ഒരു വര്‍ഷം പിന്നിടുന്ന ദിവസം തന്നെ അതേ പ്രതിയോഗിക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചുട്ട മറുപടി നല്‍കി ഏറ്റവുമധികം ‘പരിഹസിക്കപ്പെട്ട’ കോണ്‍ഗ്രസ് മധുര പ്രതികാരം തീര്‍ത്തതും ഈ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പ്രത്യേകതയാണ്.
തെരഞ്ഞെടുപ്പ് റാലികളില്‍ രാഹുല്‍ ഗാന്ധി തന്നെയായിരുന്നു നിറഞ്ഞ് നിന്നത്. നോട്ട് നിരോധനം, ജിഎസ്ടി, കാര്‍ഷിക പ്രതിസന്ധി, മുതലാളിത്ത ചങ്ങാത്തം എന്നിങ്ങനെ മോദിക്കെതിരെ എല്ലാ വിഭാഗം ജനങ്ങളിലും ഉടലെടുത്ത ജനകീയ വികാരം മുതലാക്കാന്‍ പ്രചാരകനായ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞു. പക്വതയില്ലാത്ത നേതാവിന് എങ്ങിനെ നരേന്ദ്ര മോദി നയിക്കുന്ന ബിജെപിയെ തളയ്ക്കാനാവുമെന്ന് നെറ്റി ചുളിച്ചവരെല്ലാം ഇപ്പോള്‍ രാഹുലിന്റെ നേതൃപാടവത്തെ അംഗീകരിക്കാന്‍ തയാറായെന്നത് വരും ദിനങ്ങളില്‍ പ്രതിപക്ഷ ചേരിക്ക് കരുത്തു പകരാന്‍ സഹായിക്കും. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മോദിയുടെ മുദ്രാവാക്യത്തെ അതേ നാണയത്തിലാണ് ഹിന്ദി ഹൃദയഭൂമിയില്‍ രാഹുല്‍ ഗാന്ധി നേരിട്ടത്. ബിജെപിയില്‍ നിന്ന് വലിയ മൂന്ന് സംസ്ഥാനങ്ങളുടെ ഭരണമാണ് രാഹുല്‍ തിരിച്ചു പിടിച്ചിരിക്കുന്നത്. പടലപിണക്കങ്ങളും, താഴെതട്ടിലെ നിര്‍ജ്ജീവാവസ്ഥയുമുള്ള ഒരു പാര്‍ട്ടിയെ കൈപിടിച്ച് ഉയര്‍ത്താന്‍ കമല്‍ നാഥിനെയും, ജ്യോതിരാദിത്യ സിന്ധ്യയേയും മധ്യപ്രദേശിലും, അശോക് ഗലോട്ടിനെയും, സച്ചിന്‍ പൈലറ്റിനേയും രാജസ്ഥാനിലും നിയോഗിച്ചത് രാഹുല്‍ തന്നെയാണ്. മധ്യപ്രദേശും രാജസ്ഥാനും വീണാല്‍ ഇനിയുള്ള പ്രയാണം എളുപ്പമാവില്ലെന്ന് ബി.ജെ.പിക്കും അറിയാമായിരുന്നു.