ന്യൂഡല്‍ഹി: വര്‍ഗീയ വിഷം ചീറ്റി വീണ്ടും ബിജെപി എം.പി വിനയ് കത്യാര്‍. നടി പ്രിയങ്ക ചോപ്രക്കെതിരെയാണ് വിവാദ പരാമര്‍ശവുമായി ബിജെപി എം.പി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. പ്രിയങ്ക ചോപ്രയെ ഇന്ത്യയില്‍ താമസിക്കാന്‍ അനുവദിക്കരുതെന്നാണ് അദ്ദേഹം പറഞ്ഞത്.
യുണിസെഫിന്റെ ബാലാവകാശ ഗുഡ്‌വില്‍ അംബാസഡറായ പ്രിയങ്ക ചോപ്ര കഴിഞ്ഞ ദിവസം ബംഗ്ലാദേശിലെ റോഹിംഗ്യന്‍ അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശിച്ചിരുന്നു. അതിന്റെ പേരിലാണ് വിവാദ പ്രസ്താവനയുമായി വിനയ് കത്യാര്‍ രംഗത്തെത്തിയിരിക്കുന്നത്. റോഹിംഗ്യന്‍ മുസ്‌ലിംകളോട് കരുണ കാണിക്കുന്നവര്‍ മുഴുവന്‍ ഇന്ത്യവിട്ട് പോകണം. പ്രിയങ്ക ചോപ്രയെ പോലുള്ളവര്‍ക്ക് റോഹിംഗ്യന്‍ മുസ്‌ലിംകളെക്കുറിച്ചുള്ള യാഥാര്‍ഥ്യം അറിയില്ലെന്നും അവരോട് സഹതാപം കാണിക്കുന്നവരെ ഇവിടെ ജീവിക്കാന്‍ അനുവദിക്കില്ലെന്നും ബിജെപി നേതാവ് പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പുകളിലൊന്നായ കോക്‌സ് ബസാറിലാണ് പ്രിയങ്ക സന്ദര്‍ശനം നടത്തിയത്. റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്ക് അകമഴിഞ്ഞ പരിരക്ഷയും പിന്തുണയും നല്‍കണമെന്ന് സോഷ്യല്‍ മീഡിയ വഴി നടി ആരാധകരോട് ആവശ്യപ്പെട്ടിരുന്നു.