ധാക്ക: ‘അവര്‍ ചിരിക്കുമ്പോള്‍ ആ കണ്ണുകളിലെ ശൂന്യതയാണ് കാണാനാകുക. അവര്‍ക്കായി നമുക്ക് എന്തെങ്കിലും ചെയ്യേണ്ടിരിക്കുന്നു. ഭാവിയുടെ പ്രതീക്ഷയാണ് ഈ കുരുന്നുകള്‍’. ബംഗ്ലാദേശിലെ റോഹിന്‍ഗ്യ അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശിച്ച ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ ആര്‍ദ്രമായ വാക്കുകളാണിത്. യൂണിസെഫിന്റെ ചൈല്‍ഡ് റൈറ്റ്‌സ് ഗുഡ് വില്‍ അംബാസിഡറായ പ്രിയങ്ക ഗ്ലാമറിന്റെ ലോകത്തു നിന്നാണ് കഴിഞ്ഞ ദിവസം റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി ക്യാമ്പിലെത്തിയത്. അപ്രതീക്ഷിതമായിരുന്നു സന്ദര്‍ശനം.
ക്യാമ്പിലെത്തിയ പ്രിയങ്ക അഭയാര്‍ത്ഥികളില്‍ ഒരാളായി അവരുടെ വേദനകളില്‍ പങ്കു ചേര്‍ന്നു. ദുരിതങ്ങള്‍ക്ക് നടുവിലും പ്രിയങ്കയുടെ സന്ദര്‍ശനം കുടിയേറ്റക്കാര്‍ക്ക് ആശ്വാസമായി. മിനിറ്റുകളോളം അവര്‍ക്കൊപ്പം ചിലവഴിച്ചു. കുരുന്നുകള്‍ അടക്കമുള്ളവരെ ആശ്വസിപ്പിച്ച ശേഷമാണ് താരറാണി മടങ്ങിയത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ സന്ദര്‍ശിച്ച വിവരം പ്രിയങ്ക പങ്കുവെച്ചത്.
‘യൂണിസെഫിനൊപ്പം ബംഗ്ലാദേശിലെ കോക്‌സ് ബസാറസിലാണ് ഞാനുള്ളത്. ലോകത്തിലെ ഏറ്റവും വലിയ അഭായാര്‍ഥി ക്യാമ്പുകളില്‍ ഒന്ന്. മ്യാന്‍മറിലെ രാഖിനെയിലെ വംശഹത്യയുയുടെ ഭീകരമായ ചിത്രങ്ങളാണ് 2017ന്റെ രണ്ടാം പകുതിയില്‍ ലോകം കണ്ടത്. കലാപം മൂലം ഏഴ് ലക്ഷം റോഹിന്‍ഗ്യകള്‍ക്കാണ് അതിര്‍ത്തി കടന്ന് ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്യേണ്ടിവന്നത്. ഇതില്‍ അറുപത് ശതമാനം കുട്ടികളായിരുന്നു. മാസങ്ങള്‍ക്ക് ശേഷവും അവര്‍ അപകടകരമായ, ദയനീയമായ സാഹചര്യങ്ങളില്‍ ക്യാമ്പുകളില്‍ തിങ്ങിപ്പാര്‍ക്കുന്നു. അവര്‍ ചിരിക്കുമ്പോള്‍ ആ കണ്ണുകളിലെ ശൂന്യതയാണ് കാണാനാകുക. സുരക്ഷയൊന്നുമില്ലാതെ, തിങ്ങിക്കൂടി, അടുത്ത നേരത്തെ ഭക്ഷണം എവിടെ നിന്ന് കിട്ടുമെന്നു പോലും അറിയാതെ കഴിയുന്നവര്‍. കെട്ടുറപ്പുള്ള വാസസ്ഥലം പോലുമില്ല. വീടുകള്‍ നിര്‍മിച്ചാലും വരാന്‍ പോകുന്ന കനത്ത മഴക്കാലത്ത് അതു എത്രമാത്രം സുരക്ഷിതമാണ് എന്നത് ആശങ്കപ്പെടുത്തുന്നു. ഭാവിയെകുറിച്ച് ഒരു പ്രതീക്ഷയുമില്ലാത്ത തലമുറയാണിവര്‍. അവരുടെ സുരക്ഷയ്ക്കായി നാം എന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു. ഈ കുരുന്നുകള്‍ നമ്മുടെ ഭാവിയാണ്. അവര്‍ക്ക് സഹായം ലഭിച്ചേ പറ്റൂ. ദയവ് ചെയ്ത് അവരെ സഹായിക്കൂ’. സന്ദര്‍ശനത്തിന് ശേഷം പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച ഹൃദയസ്പര്‍ശിയായ വാക്കുകളാണിത്. കഴിഞ്ഞ വര്‍ഷം സിറിയയിലെ അഭയാര്‍ത്ഥി കുരുന്നുകളെ ജോര്‍ദാനില്‍ പ്രിയങ്ക സന്ദര്‍ശിച്ചിരുന്നു.
ബോളിവുഡിലും ഹോളിവുഡിലും അടക്കം ലോകമെങ്ങും ആരാധകരുള്ള താരമാണ് പ്രിയങ്ക. സ്ത്രീ ശാക്തീകരണം, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ ഒട്ടേറെ വിഷയങ്ങളില്‍ പ്രിയങ്ക ചോപ്ര സജീവ സാന്നിധ്യമാണ്. കഴിഞ്ഞ ദിവസം ബ്രിട്ടനില്‍ നടന്ന ഹാരി രാജകുമാരന്റെയും മേഗന്‍ മാര്‍ക്കലിന്റെയും വിവാഹ ചടങ്ങില്‍ പ്രിയങ്ക ചോപ്ര പങ്കെടുത്തിരുന്നു.