ധാക്ക: കോക്‌സ് ബസാറില്‍ കഴിയുന്ന റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ മികച്ച സൗകര്യമുള്ള പ്രദേശത്തേക്ക് മാറ്റി പാര്‍പ്പിക്കാന്‍ ബംഗ്ലാദേശ് ഭരണകൂടം തയാറെടുക്കുന്നു. കോക്‌സ് ബസാറിലെ അഭയാര്‍ത്ഥി ജീവിതം ഏറെ ദുരിതമാണെന്നും ഇവരെ ഇവിടെ നിന്നും ഉടന്‍ മാറ്റണമെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് നിര്‍ദേശം നല്‍കിയിരുന്നു. മഴക്കാലത്ത് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് എച്ച്.ആര്‍.ഡബഌൂ ബംഗ്ലാദേശ് സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. പകര്‍ച്ച വ്യാധി ഭീഷണി, അഗ്നിബാധ, സംഘര്‍ഷം, ഗാര്‍ഹിക-ലൈംഗിക അതിക്രമങ്ങള്‍ക്കും സാധ്യതയേറെയാണെന്നു റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ക്യാമ്പിലെ കുട്ടികള്‍ക്ക് മതിയായ വിദ്യാഭ്യാസ സാഹചര്യങ്ങള്‍ ലഭിക്കുന്നില്ല. പ്രത്യേക ക്ലാസുകളാണ് ഇവര്‍ക്ക് ലഭിക്കുന്നത്.
ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ 68 പേജുള്ള റിപ്പോര്‍ട്ടില്‍ കോക്‌സ് ബസാറിലെ അപകടങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള അഭയകേന്ദ്രങ്ങളും കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യങ്ങളും ഒരുക്കണമെന്നും എച്ച്.ആര്‍.ഡബഌൂ ആവശ്യപ്പെട്ടു. ഉള്‍ക്കൊള്ളാവുന്നതിലും അധികം ആളുകളാണ് ഈ ക്യാമ്പില്‍ കഴിയുന്നത്. വലിയ ക്യാമ്പുകള്‍ക്ക് പകരം ചെറിയ ചെറിയ ക്യാമ്പുകളിലേക്ക് റോഹിന്‍ഗ്യകളെ മാറ്റണം. മഴശക്തമായാലുണ്ടാകുന്ന വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഏകദേശം രണ്ട് ലക്ഷത്തോളം ആളുകളെയാണ് ബാധിക്കുന്നത്. മണ്‍സൂണ്‍ ആരംഭിച്ചാല്‍ പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും കഴിയാത്ത അവസ്ഥയിലാകും. താല്‍ക്കാലികമായി കെട്ടിയ ചെറിയ കൂരകളിലാണ് റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ താമസിക്കുന്നത്. മുളകള്‍കൊണ്ടും പ്ലാസ്റ്റിക് കൊണ്ടും മേഞ്ഞ ചെറിയ കൂരകള്‍ കാലാവസ്ഥാ വ്യതിയാനത്തില്‍ തകരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏഴ് ലക്ഷത്തിലധികം അഭയാര്‍ഥികളാണ് കഴിഞ്ഞ ഓഗസ്റ്റില്‍ മ്യാന്മറില്‍ നടന്ന വംശീയ ആക്രമണത്തെ തുടര്‍ന്ന് ബംഗ്ലാദേശിലേക്ക് പലായനം നടത്തിയത്. അഭയാര്‍ഥി ക്യാമ്പ് പ്രവര്‍ത്തിക്കുന്നത് ഒരു മലയോര പ്രദേശത്താണ്. സന്നദ്ധ സംഘടനകള്‍ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് രണ്ട് ലക്ഷം അഭയാര്‍ഥികളാണ് വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ദുരിതമനുഭവിക്കുന്നത്. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മികച്ച സൗകര്യമുള്ള സ്ഥലങ്ങള്‍ കണ്ടെത്താന്‍ ഭരണകൂടം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതയി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.