ഹോങ്കോങ്: ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ വിമാനാപകടം. ലാന്‍ഡിങ്ങിനിടെ കാര്‍ഗോ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി കടലില്‍ പതിച്ചതിനെ തുടര്‍ന്ന് വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗത്തിലെ രണ്ട് ജീവനക്കാര്‍ മരിച്ചു. പുലര്‍ച്ചെ 3:50 ഓടെയാണ് അപകടം നടന്നത്.
ദുബായില്‍ നിന്ന് വന്ന എമിറേറ്റ്‌സ് സ്‌കൈകാര്‍ഗോയുടെ ഇകെ9788 എന്ന സര്‍വീസില്‍, തുര്‍ക്കിഷ് കാരിയറായ എയര്‍ എ.സി.ടി ഓപ്പറേറ്റ് ചെയ്തിരുന്ന ബോയിങ് 747 കാര്‍ഗോ വിമാനം ആണ് അപകടത്തില്‍പ്പെട്ടത്.
വിമാനം നോര്‍ത്ത് റണ്‍വേയില്‍ ലാന്‍ഡ് ചെയ്ത ഉടന്‍ നിയന്ത്രണം വിട്ട് ഇടത്തേക്ക് തെന്നിമാറി കടല്‍ഭിത്തിക്കരികിലുള്ള വെള്ളക്കെട്ടിലേക്ക് പതിച്ചു. ഈ സമയത്ത് വിമാനം വിമാനത്താവളത്തിലെ ഒരു സുരക്ഷാ പട്രോളിങ് വാഹനത്തെ ഇടിക്കുകയും, വാഹനം വെള്ളത്തിലേക്ക് തെറിച്ച് പോകുകയും ചെയ്തു. വാഹനത്തിലുണ്ടായിരുന്ന രണ്ട് എയര്‍പോര്‍ട്ട് ജീവനക്കാരാണ് മരിച്ചത്. ഒരാള്‍ സ്ഥലത്തുവെച്ചും മറ്റൊരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്.
വിമാനത്തിലെ നാല് ക്രൂ അംഗങ്ങളെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. ഇവര്‍ക്ക് ഗുരുതരമായ പരിക്കുകളൊന്നുമില്ലെന്ന് അധികൃതര്‍ അറിയിച്ചു.
അപകടത്തെ തുടര്‍ന്ന് നോര്‍ത്ത് റണ്‍വേ താല്‍ക്കാലികമായി അടച്ചിടുകയും, വിമാനത്താവളത്തിലെ ചരക്ക് സര്‍വീസുകള്‍ താറുമാറാവുകയും ചെയ്തു. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ വെബ്‌സൈറ്റ് പ്രകാരം കുറഞ്ഞത് 11 കാര്‍ഗോ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. എങ്കിലും സൗത്ത്, സെന്‍ട്രല്‍ റണ്‍വേകള്‍ പ്രവര്‍ത്തനസജ്ജമായതിനാല്‍ മറ്റ് സര്‍വീസുകള്‍ക്ക് വലിയ പ്രത്യാഘാതമില്ലെന്ന് അധികൃതര്‍ അറിയിച്ചു.
വിമാനത്തിന്റെ കോക്ക്പിറ്റ് ഭാഗം കടല്‍ഭിത്തിക്കു മുകളിലായി കാണാമെങ്കിലും പിന്‍ഭാഗം തകര്‍ന്ന് കടലില്‍ മുങ്ങിയ നിലയിലാണ്. അപകടത്തെ തുടര്‍ന്ന് ഹോങ്കോങ് എയര്‍ ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ അതോറിറ്റി അന്വേഷണം ആരംഭിച്ചു. ഫ്ളൈറ്റ് ഡാറ്റാ റെക്കോര്‍ഡറും കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറും കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.