ലക്‌നൗ: ഹഥ്‌രാസില്‍ കൂട്ടപീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോയ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ യു.പി പൊലീസ് കേസെടുത്തു. പകര്‍ച്ച വ്യാധി നിയമപ്രകാരമാണ് കേസ്. 153 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും ഗൗതം ബുദ്ധ നഗര്‍ പൊലീസ് കേസെടുത്തു. ഹാഥ്‌രസിലേക്ക് പുറപ്പെട്ട രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യുപി പൊലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. ഇന്നലെയാണ് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകാന്‍ ഇരുവരും ശ്രമിച്ചത്.

ഹാഥ്‌രസ് പീഡനത്തില്‍ പ്രതിഷേധം മുന്നില്‍കണ്ട് ഡല്‍ഹിയില്‍ ഇന്ത്യ ഗേറ്റ് പരിസരത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആളുകള്‍ കൂട്ടംകൂടുന്നത് അനുവദിക്കില്ലെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. വിവിധ സംഘടനകള്‍ ഇന്ത്യ ഗേറ്റില്‍ ഇന്ന് 5 മണിക്ക് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ജന്തര്‍ മന്തറിലും ഇന്ന് പ്രതിഷേധത്തിന് സാധ്യതയുണ്ട്. അനുമതി തേടിയാല്‍ ജന്തര്‍ മന്തറില്‍ പ്രതിഷേധം സംഘടിപ്പിക്കാമെന്നും 100 പേരില്‍ കൂടുതല്‍ അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചു.