ന്യൂഡല്‍ഹി: സി.ബി.ഐ ഡയരക്ടര്‍ അലോക് വര്‍മയെ വീണ്ടും സ്ഥാനത്ത് നിന്ന് നീക്കി. സെലക്ഷന്‍ കമ്മിറ്റി യോഗത്തിന് ശേഷമാണ് തീരുമാനം. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ വിയോജിപ്പ് പരിഗണിക്കാതെയാണ് അലോക് വര്‍മയെ മാറ്റാന്‍ തീരുമാനിച്ചത്. അലോക് വര്‍മയുടെ നിലപാട് കേട്ടതിന് ശേഷം തീരുമാനിക്കാമെന്നായിരുന്നു ഖാര്‍ഗെയുടെ നിലപാട്.

നേരത്തെ അര്‍ധരാത്രിയില്‍ തിരക്കിട്ട് അലോക് വര്‍മയെ മാറ്റിയ നടപടി സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അധികാരമേറ്റ അലോക് വര്‍മ സി.ബി.ഐ തലപ്പത്ത് വന്‍ അഴിച്ചുപണിക്ക് തുടക്കമിട്ടിരുന്നു. ഇതാണ് പെട്ടന്ന് തന്നെ നടപടിയെടുക്കാന്‍ മോദി സര്‍ക്കാറിനെ പ്രേരിപ്പിച്ചത്.

റഫാല്‍ ഇടപാടിയെ അഴിമതി അന്വേഷിക്കാന്‍ അലോക് വര്‍മ തയ്യാറായതാണ് അദ്ദേഹത്തെ തിരക്കിട്ട് നീക്കാന്‍ കാരണം. അഴിമതി പുറത്തുവരുമെന്ന ഭയമാണ് മോദി സര്‍ക്കാറിനെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു.