ലാറ്റിനമേരിക്കയിലെ രാജ്യാന്തര ക്ലബ്ബ് ഫുട്‌ബോള്‍ ടൂര്‍ണമെന്റായ കോപ സുഡാമേരിക്കാനയില്‍ ഇന്നലെ അര്‍ജന്റീനാ ക്ലബ്ബ് സാന്‍ ലോറന്‍സോയും ചിലിയന്‍ ക്ലബ്ബ് പാലസ്റ്റിനോയും ഏറ്റുമുട്ടിയപ്പോള്‍ ഗാലറിയില്‍ ഉയര്‍ന്ന പടുകൂറ്റന്‍ പതാക ഫുട്‌ബോള്‍ ലോകത്തും പുറത്തും കൗതുകമായി. അര്‍ജന്റീനയുടെയോ ചിലിയുടെയോ അല്ല, അറബ് രാഷ്ട്രമായ ഫലസ്തീന്റെ പതാകയുമായാണ് പാലസ്റ്റിനോ ആരാധകര്‍ കൂട്ടത്തോടെ ഗാലറിയിലെത്തിയത്.
പടുകൂറ്റന്‍ പതാകക്ക് പുറമെ മത്സരം കാണാന്‍ പോയ 12000-ലധികം ആരാധകരുടെ കൈകളിലും ഫലസ്തീന്‍ പതാകയുണ്ടായിരുന്നു. കുടിയേറിയ ഫലസ്തീന്‍ വംശജര്‍ക്കൊപ്പം തദ്ദേശീയരായ ചിലിയന്‍ ആരാധകരും ഇസ്രാഈലിന്റെ ക്രൂരതയില്‍ ബുദ്ധിമുട്ടുന്ന ഫലസ്തീനോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത് ചിലി-ഫലസ്തീന്‍ ബന്ധത്തിന്റെ ഹൃദ്യമായ പ്രഖ്യാപനമായി.
അമേരിക്കയുടെ പരസ്യ പിന്തുണയോടെ ഇസ്രാഈല്‍ ഫലസ്തീന്‍ ജനതയെ ഇഞ്ചിഞ്ചായി ഇല്ലാതാക്കുമ്പോള്‍, അതിനോട് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ച രാജ്യമാണ് ചിലി. അറബ് രാജ്യങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ഫലസ്തീന്‍ വംശജര്‍ക്ക് ഇടംനല്‍കിയതും ചിലി തന്നെ. അഞ്ചു ലക്ഷത്തോളം ഫലസ്തീന്‍ / അറബ് വംശജരാണ് ചിലിയില്‍ സമാധനത്തോടെയും ഗവണ്‍മെന്റിന്റെയും ജനങ്ങളുടെയും പിന്തുണയോടെയും കഴിയുന്നത്.
ഫലസ്തീനികളുടെ സ്വന്തം പാലസ്റ്റിനോ
ഇന്നലെ സാന്‍ ലോറന്‍സോയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയ ഡിപോര്‍ട്ടിവോ പാലസ്റ്റിനോ ക്ലബ്ബ് തന്നെ ചിലി എന്ന രാജ്യം ഫലസ്തീനികള്‍ക്ക് നല്‍കുന്ന പിന്തുണയുടെ വലിയ തെളിവാണ്. 1920-ല്‍ ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ രൂപം നല്‍കിയ ക്ലബ്ബിന് പിന്നീട് ചിലി ഫുട്‌ബോള്‍ ഫെഡറേഷന്‍ അംഗീകാരം നല്‍കുകയും ദേശീയ ചാമ്പ്യന്മാരാകുന്ന വിധം ക്ലബ്ബ് വളരുകയും ചെയ്തു. മുന്‍ അര്‍ജന്റീനാ ക്യാപ്ടന്‍ ഗില്ലര്‍മോ കോള്‍, മുന്‍ ചിലിയന്‍ ക്യാപ്ടന്‍ ഏലിയാസ് ഫിഗറോവ തുടങ്ങി നിരവധി പ്രമുഖര്‍ പാലസ്റ്റിനോയില്‍ കളിച്ചിട്ടുണ്ട്. പഴയ കാലത്തിന്റെ പ്രതാപത്തിലൊന്നുമില്ലെങ്കിലും 2008-ലെ ക്ലോസുറ ടൂര്‍ണമെന്റില്‍ ഫൈനല്‍ വരെ മുന്നേറിയ പാലസ്റ്റിനോ കയ്യടി നേടിയിരുന്നു. പ്രധാനമായും ചിലി, അര്‍ജന്റീനാ കളിക്കാരാണ് ഇപ്പോഴത്തെ ടീമിലുള്ളത്. റിസര്‍വ് ടീമിലുള്ള ഷാദി ഷബാന്‍ മാത്രമാണ് ഏക ഫലസ്തീന്‍ കളിക്കാരന്‍.
ബന്ധം കളിക്കളത്തിനു പുറത്തും
കളിക്കളത്തില്‍ മാത്രമല്ല, നയതന്ത്ര മേഖലയിലും ചിലി ഫലസ്തീനുള്ള പിന്തുണ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. 2014-ല്‍ ഗസ്സയ്ക്കു മേലുള്ള ക്രൂരമായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ചിലി ഇസ്രാഈല്‍ അംബാസഡറെ പുറത്താക്കുകയും വ്യാപാര ബന്ധങ്ങള്‍ വിച്ഛേദിക്കുകയും ചെയ്തിരുന്നു. ഇസ്രാഈലുമായി സൈനിക, വാണിജ്യ സഹകരണമുണ്ടെങ്കിലും ഫലസ്തീനു മേല്‍ അക്രമം നടക്കുമ്പോഴെല്ലാം ചിലിയന്‍ ജനതയും ഭരണകൂടവും ശക്തമായ മറുപടിയുമായി രംഗത്തെത്താറുണ്ട്. സെപ്തംബറില്‍, ഇസ്രാഈല്‍ യൂണിവേഴ്‌സിറ്റികളുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയത്തില്‍ ചിലിയിലേതടക്കമുള്ള ലാറ്റിനമേരിക്കന്‍ സര്‍വകലാശാലകളില്‍ നിന്നുള്ള 25,000 വിദ്യാര്‍ത്ഥികള്‍ ഒപ്പുവെച്ചിരുന്നു.
Be the first to write a comment.