ന്യൂഡൽഹി: ബലാത്സംഗശ്രമം ചെറുത്ത നാലുവയസുകാരിയെ കഴുത്തറുത്തു കൊന്നു.
കേന്ദ്രഭരണ പ്രദേശമായ ദാദ്രയിലെ നാഗർ ഹവേലിയിലാണ്​ സംഭവം. മകളുടെ കൊലപാതകത്തിൽ മനംനൊന്ത്​ പിതാവ്​ ആത്മഹത്യചെയ്​തു. കൊലപാതകത്തിന്​ ശേഷം നാലുവയസുകാരിയെ ചാക്കി​ലാക്കി ടോയ്​ലറ്റിന്​ സമീപത്തെ ഇടുങ്ങിയ സ്​ഥല​ത്തേക്ക്​ വലിച്ചെറിയുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ടാണ്​ സംഭവം.

ഫ്ലാറ്റിന്​ പുറത്ത്​ കളി​ച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതിയായ സന്തോഷ്​ രജത്​ സ്വന്തം അപാർട്ട്​മെന്‍റിലേക്ക്​ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന്​ പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. പെൺകുട്ടി ഉറക്കെ കരഞ്ഞതോടെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച്​ കഴുത്തറുക്കുകയായിരുന്നു. പിന്നീട്​ മൃതദേഹം ചാക്കിലാക്കി ടോയ്​ലറ്റിന്​ സമീപത്തെ ഇടുങ്ങിയ സ്​ഥലത്തേക്ക് ജനലിലൂടെ എറിയുകയായിരുന്നു.

ഏറെനേരം തിരഞ്ഞിട്ടും പെൺകുട്ടിയെ കാണാതായതോടെ കുടുംബം പൊലീസിൽ പരാതി നൽകി. പൊലീസെത്തി പെൺകുട്ടിയുടെ ഫ്ലാറ്റിന്​ സമീപത്തെ 40ഓളം ഫ്ലാറ്റുകളിലും പരിശോധന നടത്തി. സന്തോഷ്​ രജതിന്‍റെ അപാർട്ട്​മെന്‍റിൽ നടത്തിയ പരിശാധനക്കിടെ ടോയ്​ലറ്റിൽ രക്തക്കറകൾ കാണുകയായിരുന്നു. പിന്നീട് മൃതദേഹവും കണ്ടെത്തി. പൊലീസ്​ ചോദ്യം ചെയ്​തതോടെ രജത്​ കുറ്റം സമ്മതിച്ചു.