ചാമ്പ്യന്‍സ് ലീഗ്: മാഞ്ചസ്റ്റര്‍ സിറ്റി, ടോട്ടനം, സെവിയ്യ ജയിച്ചു മൊണാക്കോയെ പോര്‍ട്ടോ വീഴ്ത്തി ലിവര്‍പൂളിന് സമനില

ഡോട്മുണ്ട്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ കരുത്തരായ ബൊറുഷ്യ ഡോട്മുണ്ടിനെതിരെ റയല്‍ മാഡ്രിഡിന് മികച്ച ജയം. ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇരട്ട ഗോളുമായി മിന്നിയ മത്സരത്തില്‍ ഡോട്മുണ്ടിന്റെ ആസ്ഥാനത്ത് ഒന്നിനെതിരെ മൂന്നു ഗോളിനായിരുന്നു നിലവിലെ ചാമ്പ്യന്മാരുടെ ജയം. മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത രണ്ടു ഗോളിന് ഷാഖ്തര്‍ ഡൊണസ്‌കിനെയും നാപോളി 3-1 ന് ഫെയനൂര്‍ദിനെയും തോല്‍പ്പിച്ചപ്പോള്‍ ലിവര്‍പൂള്‍ സ്പാര്‍ടക് മോസ്‌കോക്കെതിരെ സമനില വഴങ്ങി. വിസ്സാം ബെന്‍ യെദ്ദര്‍, ഹാരി കെയ്ന്‍ എന്നിവരുടെ ഹാട്രിക്കുകളില്‍ യഥാക്രമം സെവിയ്യ മരിബോറിനെയും ടോട്ടനം ഹോട്‌സ്പര്‍ അപോലിനെയും 3-0 ന് കീഴടക്കി.
ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കിയ സിഗ്നല്‍ ഇഡ്യുന പാര്‍ക്കിലെ പോരാട്ടത്തില്‍ 18-ാം മിനുട്ടില്‍ ഗരത് ബെയ്ല്‍ ആണ് റയല്‍ മാഡ്രിഡിനെ ഒപ്പമെത്തിച്ചത്. ബെയ്‌ലും ഡാനി കാര്‍വഹാളും മികച്ച അവസരങ്ങള്‍ പാഴാക്കുകയും സെര്‍ജിയോ റാമോസ് ബോക്‌സിനുള്ളില്‍ പന്ത് കൈ കൊണ്ട് തൊട്ടത് റഫറി ശ്രദ്ധിക്കാതെ പോവുകയും ചെയ്തതിനു ശേഷമായിരുന്നു 65000-ലധികം വരുന്ന കാണികളെ സ്തബ്ധരാക്കി ബെയ്‌ലിന്റെ ഗോള്‍. കാര്‍വഹാള്‍ ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയ പന്തില്‍ ഓടിക്കയറി കാല്‍വെച്ച ബെയ്ല്‍ ഗോള്‍കീപ്പറെ കാഴ്ചക്കാരനാക്കി പന്ത് വലയുടെ വലതുമൂലയിലെത്തിക്കുകയായിരുന്നു. ആദ്യപകുതിയില്‍ ലീഡുയര്‍ത്താന്‍ റയലിന് അവസരങ്ങള്‍ ലഭിച്ചെങ്കിലും ക്രിസ്റ്റ്യാനോ രണ്ട് അവസരങ്ങളും സെര്‍ജിയോ റാമോസ് ഫ്രീ ഹെഡ്ഡറും പാഴാക്കി.
രണ്ടാം പകുതി തുടങ്ങിയ ഉടന്‍ ഡോട്മുണ്ട് ഗോളിന് തൊട്ടടുത്തെത്തിയെങ്കിലും ഗോള്‍ലൈനിനു തൊട്ടുമുന്നില്‍ വെച്ച് ഒബാമിയാങിന് പന്ത് കിട്ടുന്നത് തടയാന്‍ റാഫേല്‍ വരെയ്‌ന് കഴിഞ്ഞു. മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ പ്രതിരോധത്തിലെ വീഴ്ച ആതിഥേയര്‍ക്ക് വീണ്ടും തിരിച്ചടിയേല്‍പ്പിച്ചു. 49-ാം മിനുട്ടില്‍ ഇടതുവിങിലൂടെ കുതിച്ചുപാഞ്ഞ് ഗരത് ബെയ്ല്‍ നല്‍കിയ ക്രോസില്‍ സമാന്തരമായി ഓടിക്കയറി വന്ന ക്രിസ്റ്റിയാനോ കാല്‍വെച്ചപ്പോള്‍ ഡോട്മുണ്ട് കീപ്പര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. 54-ാം മിനുട്ടില്‍ ഓബമിയാങ് ആതിഥേയരുടെ തിരിച്ചുവരവിന്റെ പ്രതീക്ഷ നല്‍കിയ ഒരു ഗോള്‍ മടക്കി. ഗോണ്‍സാലോ കാസ്‌ട്രോയുടെ ക്രോസില്‍ നിന്നായിരുന്നു ഫ്രഞ്ച് താരത്തിന്റെ ഗോള്‍. പക്ഷേ, 79-ാം മിനുട്ടില്‍ പ്രതിരോധം ഭേദിച്ച് ലൂക്കാ മോഡ്രിഡ് നല്‍കിയ പാസില്‍ നിന്ന് കരുത്തുറ്റ ഷോട്ടിലൂടെ പന്ത് വലയിലാക്കി ക്രിസ്റ്റ്യാനോ മത്സരം പൂര്‍ണമായും റയലിന്റെ വരുതിയിലാക്കി.
ചാമ്പ്യന്‍സ് ലീഗില്‍ ബൊറുഷ്യ ഡോട്മുണ്ടിനെതിരെ റയലിന്റെ ആദ്യ എവേ വിജയമായിരുന്നു ഇത്. 150-ാം ചാമ്പ്യന്‍സ് ലീഗ് മത്സരം കളിച്ച ക്രിസ്റ്റ്യാനോ ക്ലബ്ബിനു വേണ്ടി തന്റെ 410, 411 ഗോളുകളാണ് നേടിയത്. ചാമ്പ്യന്‍സ് ലീഗില്‍ ഡോട്മുണ്ടിനെതിരെ ഏറ്റവും കൂടുതല്‍ (ആറ്) ഗോളടിക്കുന്ന കളിക്കാരനായും ക്രിസ്റ്റ്യാനോ മാറി.
ഇത്തിഹാദ് സ്റ്റേഡിയത്തില്‍ പൊരുതിക്കളിച്ച ഷാഖ്തറിനെതിരെ കെവിന്‍ ഡിബ്രുയ്‌നെ, റഹീം സ്റ്റര്‍ലിങ് എന്നിവരുടെ ഗോളുകളാണ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയമൊരുക്കിയത്. ആദ്യപകുതി ഗോള്‍ വഴങ്ങാതെ പിടിച്ചുനിന്ന ഉക്രെയ്ന്‍ ക്ലബ്ബിന് രണ്ടാം പകുതി തുടങ്ങിയ ഉടനെ തിരിച്ചടിയേറ്റു. 48-ാം മിനുട്ടില്‍ ഡേവിഡ് സില്‍വയുടെ പാസ് സ്വീകരിച്ച് ബോക്‌സിനു പുറത്തുനിന്ന് ഡിബ്രുയ്‌നെ തൊടുത്ത ഷോട്ട് വായുവില്‍ വളഞ്ഞ് ഗോള്‍കീപ്പര്‍ക്ക് അവസരം നല്‍കാതെ വലകുലുക്കുകയായിരുന്നു. ഈ സീസണില്‍ സിറ്റിക്കു വേണ്ടിയുള്ള ഡിബ്രുയ്‌നെയുടെ ആദ്യ ഗോളായിരുന്നു ഇത്. സിറ്റിക്കു വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം എന്ന റെക്കോര്‍ഡിനൊപ്പമെത്താനുള്ള സുവര്‍ണാവസരം 71-ാം മിനുട്ടില്‍ സെര്‍ജിയോ അഗ്വേറോ പാഴാക്കി. ലിറോയ് സാനെ ബോക്‌സില്‍ ഫൗള്‍ ചെയ്യപ്പെട്ടതിനു ലഭിച്ച പെനാല്‍ട്ടി അഗ്വേറോ എടുത്തെങ്കിലും വലതുവശത്തേക്ക് ഡൈവ് ചെയ്ത് ഷാഖ്തര്‍ കീപ്പര്‍ ആന്ദ്രി പ്യാതോവ് തട്ടിയകറ്റി. 90-ാം മിനുട്ടിലായിരുന്നു റഹീം സ്റ്റര്‍ലിങിന്റെ ഗോള്‍. വലതുവശത്തു നിന്ന് ബെര്‍ണാര്‍ഡോ സില്‍വ ബോക്‌സിന്റെ മധ്യത്തിലേക്ക് നല്‍കിയ പാസ് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഇംഗ്ലീഷ് താരം അനായാസം വലയിലാക്കുകയായിരുന്നു.
സ്ലോവേനിയന്‍ ക്ലബ്ബ് മരിബോറിനെ അവരുടെ തട്ടകത്തില്‍ നേരിട്ട സെവിയ്യക്കു വേണ്ടി 27, 38, 83 മിനുട്ടുകളിലാണ് ഫ്രഞ്ച് താരം വിസ്സാം ബിന്‍ യെദ്ദര്‍ ഗോളുകള്‍ നേടിയത്. 27-ാം മിനുട്ടില്‍ ജോക്വിം കൊറിയയുടെ പാസില്‍ നിന്ന് അക്കൗണ്ട് തുറന്ന 28-കാരന്‍ ഫ്രാങ്കോ വാസ്‌ക്വെസിന്റെ സഹായത്തിലാണ് രണ്ടാം ഗോള്‍ നേടിയത്. പെനാല്‍ട്ടി സ്‌പോട്ടില്‍ നിന്ന് താരം ഹാട്രിക് തികച്ചു.
സൈപ്രസ് ക്ലബ്ബ് അപോല്‍ നിക്കോഷ്യയുമായി അവരുടെ ഗ്രൗണ്ടില്‍ ഏറ്റുമുട്ടിയ ടോട്ടനം ഏറെ വിയര്‍ത്ത ശേഷമാണ് ജയിച്ചത്. ആതിഥേയരുടെ ദൗര്‍ഭാഗ്യം കൊണ്ടു മാത്രം ഗോള്‍ വഴങ്ങുന്നതില്‍ നിന്ന് രക്ഷപ്പെട്ട ഇംഗ്ലീഷ് ക്ലബ്ബ് 39-ാം മിനുട്ടില്‍ മുന്നിലെത്തി. ടോബി അല്‍ദര്‍വെയ്‌റല്‍ഡിന്റെ ത്രൂപാസ് ഓഫ്‌സൈഡ് കെണി പൊട്ടിച്ച് സ്വീകരിച്ച ഹാരി കെയ്ന്‍ ബോക്‌സില്‍ കയറി ലക്ഷ്യം കാണുകയായിരുന്നു. 62-ാം മിനുട്ടില്‍, മൂസ സിസോക്കോ പിന്നിലേക്ക് നല്‍കിയ പാസില്‍ നിന്ന് പന്ത് വലയിലാക്കിയ താരം 67-ാം മിനുട്ടില്‍ ഈ വര്‍ഷത്തെ ആറാം ഹാട്രിക് തികച്ചു. കീറണ്‍ ട്രിപ്പിയര്‍ വലതുഭാഗത്തു നിന്ന് നല്‍കിയ ക്രോസില്‍ ഹെഡ്ഡറുതിര്‍ത്താണ് കെയ്ന്‍ പട്ടിക പൂര്‍ത്തിയാക്കിയത്.
കാമറൂണ്‍ താരം വിന്‍സന്റ് അബൂബക്കറിന്റെ ഇരട്ട ഗോളുകളാണ് ഫ്രഞ്ച് ചാമ്പ്യന്മാരായ മൊണാക്കോയുടെ തട്ടകത്തില്‍ എഫ്.സി പോര്‍ട്ടോക്ക് മൂന്നു ഗോള്‍ ജയമൊരുക്കിയത്. 31-ാം മിനുട്ടില്‍ ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനിടെ മൊണാക്കോ കീപ്പര്‍ ഡീഗോ ബെനാഗ്ലിയോ രണ്ട് തവണ പന്ത് തട്ടിയകറ്റിയെങ്കിലും മൂന്നാം ശ്രമത്തില്‍ അബൂബക്കര്‍ പന്ത് വലയിലാക്കുകയായിരുന്നു. 69-ാം മിനുട്ടില്‍ വലതുവശത്തുകൂടി ഓടിക്കയറി മൂസ മറേഗ നല്‍കിയ ക്രോസ് അനായാസം ലക്ഷ്യത്തിലെത്തിച്ച് 25-കാരന്‍ ലീഡുയര്‍ത്തിയപ്പോള്‍ 90-ാം മിനുട്ടില്‍ ബോക്‌സിലെ കൂട്ടക്കളിക്കൊടുവില്‍ മിഗ്വേല്‍ ലയൂന്‍ മൂന്നാം ഗോളും നേടി.
റഷ്യന്‍ ക്ലബ്ബ് സ്പാര്‍ടക്കിനെതിരെ 23-ാം മിനുട്ടില്‍ ഗോള്‍ വഴങ്ങിയ ശേഷം 31-ാം മിനുട്ടില്‍ ഫിലിപ് കുട്ടിന്യോ നേടിയ ഗോളിലാണ് ലിവര്‍പൂള്‍ സമനില പിടിച്ചത്. ജര്‍മന്‍ ക്ലബ്ബ് ആര്‍.ബി ലീപ്‌സിഗിനെതിരെ തുര്‍ക്കി ക്ലബ്ബ് ബേസിക്തസ് സ്വന്തം തട്ടകത്തില്‍ രണ്ടു ഗോളിന് ജയിച്ചു. റയാന്‍ ബാബേല്‍, തലിസ്‌ക എന്നിവരാണ് ലക്ഷ്യം കണ്ടത്. ഡച്ച് ക്ലബ്ബ് ഫയനൂര്‍ദിനെ 3-1ന് തോല്‍പ്പിച്ച നാപോളിക്കു വേണ്ടി ലോറന്‍സോ ഇന്‍സൈനെ, ഡ്രയസ് മെര്‍ട്ടന്‍സ്, യോസെ കാലെഹോന്‍ എന്നിവര്‍ ഗോളടിച്ചു. സുഫ്‌യാന്‍ അംറബാത്തിന്റെ വകയായിരുന്നു ഫെയനൂര്‍ദിന്റെ ആശ്വാസ ഗോള്‍.
ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഇ.യില്‍ നാല് പോയിന്റുമായി സെവിയ്യ ഒന്നാം സ്ഥാനത്താണ്. രണ്ട് പോയിന്റുള്ള ലിവര്‍പോളും സ്പാര്‍ടകുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. എഫില്‍ ആറ് പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി ലീഡ് ചെയ്യുമ്പോള്‍ ഷാഖ്തര്‍, നാപോളി ടീമുകള്‍ക്ക് മൂന്ന് പോയിന്റ് വീതമുണ്ട്. ഗ്രൂപ്പ് ജിയില്‍ രണ്ടും ജയിച്ച ബേസിക്തസ് ഒന്നാമതും ഒരു ജയത്തോടെ എഫ്.സി പോര്‍ട്ടോ രണ്ടാം സ്ഥാനത്തുമാണ്. എച്ച് ഗ്രൂപ്പില്‍ കളിച്ച രണ്ടും ജയിച്ച് റയല്‍ മാഡ്രിഡും ടോട്ടനം ഹോട്‌സ്പറും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.