ലണ്ടന്‍: ഫിഫ പുരസ്‌ക്കാരങ്ങളില്‍ റയല്‍ സ്മിതം… സ്പാനിഷ് സൂപ്പര്‍ ക്ലബായ റയല്‍ മാഡ്രിഡ് ഫിഫയുടെ രണ്ട് വലിയ പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കിയ ഫുട്‌ബോള്‍ രാവില്‍ കാല്‍പ്പന്ത് ലോകം ഒരിക്കല്‍ കൂടി പോര്‍ച്ചുഗല്‍ ഇതിഹാസം കൃസ്റ്റിയാനോ റൊണാള്‍ഡോയെ വാഴ്ത്തി. റയലിന് കഴിഞ്ഞ സീസണില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടവും ലാലീഗ കിരീടവും സമ്മാനിച്ച സി ആര്‍-7 ദേശീയ ഫുട്‌ബോളില്‍ പോര്‍ച്ചുഗലിന് നല്‍കിയ നേട്ടങ്ങളും പരിഗണിച്ചാണ് കൂടുതല്‍ വോട്ടുകളോടെ പരമോന്നത പുരസ്‌ക്കാരം ഫിഫ അദ്ദേഹത്തിന് സമ്മാനിച്ചിരിക്കുന്നത്. ഫിഫയില്‍ അംഗങ്ങളായ മുഴുവന്‍ രാജ്യങ്ങളുടെ നായകന്മാരും പരിശീലകരും മാധ്യമ പ്രവര്‍ത്തകരുമാണ് വോട്ടിംഗില്‍ പങ്കെടുത്തത്. വലിയ നേട്ടങ്ങളിലേക്ക് റയലിനെ നയിച്ച മുന്‍ ഫ്രഞ്ച് ഇതിഹാസം സൈനുദ്ദീന്‍ സിദാനാണ് മികച്ച പരിശീലകന്‍. മികച്ച വനിതാ താരമായി ഹോളണ്ടിന്റെ ലൈക്കെ എലിസബത്ത് മാര്‍ട്ടിനസും മികച്ച വനിതാ പരിശീലകയായി ഹോളണ്ടിന്റെ തന്നെ സറീന വൈമാനെയും തെരഞ്ഞെടുത്തു. ഇതാദ്യമായി ഫിഫ പ്രഖ്യാപിച്ച മികച്ച ഗോള്‍ക്കീപ്പര്‍ക്കുള്ള പുരസ്‌ക്കാരം ഇറ്റലിയുടെയും യുവന്തസിന്റെയും വല കാത്ത ജിയാന്‍ ലുക്കാ ബഫണാണ്. മികച്ച താരത്തിനുള്ള അവസാന പട്ടികയില്‍ റൊണാള്‍ഡോക്കൊപ്പം ലിയോ മെസിയും നെയ്മറുമായിരുന്നു. സിദാനൊപ്പം അന്റോണിയോ കോണ്ടെയും മാക്‌സിമിലാനോ അല്‍ഗേരിയും. ലണ്ടനില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ ബ്രസീലിന്റെ മുന്‍ ഇതിഹാസം റൊണാള്‍ഡോ, അര്‍ജന്റീനിയന്‍ ഇതിഹാസം ഡിയാഗോ മറഡോണ എന്നിവരാണ് വിജയികളെ പ്രഖ്യാപിച്ചത്.

 

 
മികച്ച താരം-കൃസ്റ്റിയാനോ റൊണാള്‍ഡോ
വനിതാ താരം-ലൈകെ മാര്‍ട്ടിനസ്
പുരുഷ പരിശീലകന്‍-സൈനുദ്ദീന്‍ സിദാന്‍
വനിതാ കോച്ച്-സറീന വൈമാന്‍
ഗോള്‍ക്കീപ്പര്‍-ജിയാന്‍ ലുക്കാ ബഫണ്‍
പുഷ്‌ക്കാസ് അവാര്‍ഡ്-ഒലിവര്‍ ജെറാര്‍ഡ്
ഫാന്‍ അവാര്‍ഡ്-സെല്‍റ്റിക് ഫാന്‍സ്
ഫെയര്‍ പ്ലേ-ഫ്രാന്‍സിസ് കോനെ