ഇക്വഡോറിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ഉറുഗ്വെക്ക് കോപ അമേരിക്ക ഫുട്‌ബോളില്‍ ഉജ്ജ്വല തുടക്കം. സൂപ്പര്‍ താരങ്ങളായ ലൂയി സുവാരസ്, എഡിസന്‍ കവാനി എന്നിവര്‍ ഉറുഗ്വക്കായി ഗോളുകള്‍ നേടി. നിക്കോളാസ് ലൊഡെയ്‌റോ, ആര്‍ടുറോ മിന എന്നിവരാണ് മറ്റു രണ്ട് ഗോളുകള്‍ നേടിയത്.

മറ്റൊരു മത്സരത്തില്‍ ഏഷ്യന്‍ ചാമ്പ്യന്‍മാരായ ഖത്തര്‍ പരാഗ്വയെ സമനിലയില്‍ തളച്ചു. രണ്ട് ഗോളുകള്‍ക്ക് പിന്നിട്ട് നിന്ന ശേഷമായിരുന്നു ഖത്തറിന്റെ ഉജ്ജ്വല തിരിച്ചുവരവ്. നാലാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ഓസ്‌കാര്‍ കര്‍ഡോസോ ആണ് പരാഗ്വയുടെ ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ ഡെറിസ് ഗോണ്‍സാലസ് രണ്ടാം ഗോളും നേടി. പതറാതെ പൊരുതിയ ഖത്തറിനായി 68-ാം മിനിറ്റില്‍ അല്‍മോയസ് അലി ഗോള്‍ മടക്കി. 77-ാം മിനിറ്റില്‍ പരാഗ്വെ താരം ജുവാന്‍ റോഡ്രിഗോ റോജസിന്റെ പിഴവില്‍ വീണ ഗോളില്‍ ഖത്തര്‍ സമനില പിടിക്കുകയായിരുന്നു.