റിയോ: അല്‍ഭുതങ്ങള്‍ പ്രതീക്ഷിക്കാം. ഫുട്‌ബോള്‍ മൈതാനത്ത് വമ്പന്മാര്‍ പതറിയ ചരിത്രവുമുണ്ട്-പക്ഷേ ഇന്ന് കോപ്പയുടെ ഫൈനലില്‍, അതും മരക്കാനയില്‍ ബ്രസീല്‍ പെറുവിന് മുന്നില്‍ തല താഴ്ത്തുമെന്ന് പ്രതീക്ഷിക്കുന്ന പെറുവീയന്മാര്‍ പോലുമുണ്ടാവില്ല. ബ്രസീലിന്റെ സ്വന്തം മൈതാനത്ത് ഇന്ന് പുലര്‍ച്ചെ നടക്കുന്ന കോപ്പ കലാശത്തില്‍ ബ്രസീല്‍ കപ്പുയര്‍ത്തിയാല്‍ അത് ചരിത്രമാണ്. ഇത് വരെ സ്വന്തം തട്ടകങ്ങളില്‍ നടന്ന വന്‍കരാ ചാമ്പ്യന്‍ഷിപ്പില്‍ ബ്രസീല്‍ തോറ്റിട്ടില്ല. ഈ കോപ്പയില്‍ ഇത് വരെ തോല്‍വിയില്ല ബ്രസീലിന്. വെനിസ്വേലക്കാരുമായി പ്രാഥമിക ഘട്ടത്തില്‍ വഴങ്ങിയ സമനിലയായിരുന്നു കാര്യമായ തിരിച്ചടി. ക്വാര്‍ട്ടറില്‍ പരാഗ്വേക്ക് മുന്നിലും തളക്കപ്പെട്ടെങ്കിലും ഷൂട്ടൗട്ട് ഭാഗ്യം തുണച്ചു.

പക്ഷേ ഇന്ന് ഫൈനലില്‍ പെറുവിനെ എതിരിടുമ്പോള്‍ ടീമിന്റെ വലിയ ആശ്വാസമെന്നത് ആദ്യ റൗണ്ടിലെ വമ്പന്‍ വിജയമാണ്. അഞ്ച് ഗോളിനായിരുന്നു അന്ന് ബ്രസീല്‍ പെറുവിനെ കീഴടക്കിയത്.
നെയ്മറില്ലെങ്കിലും ഉജ്ജ്വല ഫോമിലാണ് ഗബ്രിയേല്‍ ജീസസ്. റോബര്‍ട്ടോ ഫിര്‍മിനോയും സെമിയില്‍ മികവ് കാട്ടി. എവര്‍ട്ടണും കൂട്ടീന്യോയും കാസിമിറോയും അലിസണുമെല്ലാം മരക്കാനയില്‍ മിന്നുന്നവരാണ്. പെറുവിയന്‍ സംഘത്തില്‍ സൂപ്പര്‍ താരങ്ങളില്ല. പക്ഷേ രണ്ട് അട്ടിമറികള്‍ നടത്തിയാണ് അവരുടെ വരവ്. ക്വാര്‍ട്ടറില്‍ കൊളംബിയയെയും സെമിയില്‍ സാക്ഷാല്‍ ചിലിയെയും. അതിനാല്‍ ബ്രസീല്‍ ജാഗ്രതയില്‍ പിറകോട്ട് പോവില്ല.