ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് നടത്തുന്ന മാര്‍ച്ചിന് നേരെ പൊലീസ് അതിക്രമം. പഞ്ചാബില്‍ നിന്ന് പുറപ്പെട്ട ആയിരക്കണക്കിന് കര്‍ഷകരെ പൊലീസ് ഹരിയാന അതിര്‍ത്തിയില്‍ തടഞ്ഞു. ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവുമുണ്ടായി. പൊലീസ് നടപടിയില്‍ പ്രകോപിതരായ കര്‍ഷകര്‍ പാലത്തില്‍ വച്ച ബാരിക്കേഡുകള്‍ പുഴയിലേക്ക് വലിച്ചെറിഞ്ഞു.

അന്തര്‍സംസ്ഥാന അതിര്‍ത്തിയായ ശംഭുവില്‍ വച്ചാണ് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിന്റെ ഉത്തരവു പ്രകാരം ഹരിയാന പൊലീസ് പ്രതിഷേധക്കാരെ തടഞ്ഞത്. കര്‍ഷകരോട് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ കൂട്ടാക്കിയില്ല. തുടര്‍ന്നാണ് പൊലീസ് കണ്ണീര്‍വാതക പ്രയോഗം നടത്തിയത്.

കര്‍ഷകര്‍ തലസ്ഥാനത്തെത്തുന്നത് തടയുന്നതിന്റെ ഭാഗമായി ഡല്‍ഹി അതിര്‍ത്തിയായ ഗുരുഗ്രാമിലും ഫരീദാബാദിലും സുരക്ഷ ശക്തിപ്പെടുത്തി. സുരക്ഷാ നിരീക്ഷണത്തിനായി ഡ്രോണ്‍ ക്യാമറകള്‍ വരെ സജ്ജമാക്കിയിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളിലേക്ക് ഡല്‍ഹിയില്‍നിന്നുള്ള മെട്രോ സര്‍വീസുകളും നിര്‍ത്തിവച്ചു.

കേന്ദ്രം ഈയിടെ പാസാക്കിയ കര്‍ഷക നിയമത്തിനെതിരെ യുപി, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, കേരളം, പഞ്ചാബ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് പ്രതിഷേധവുമായി ഡല്‍ഹിയിലെത്തുന്നത്. ഡല്‍ഹി ചലോ എന്നാണ് മാര്‍ച്ചിന്റെ പേര്. എന്നാല്‍ കാര്യങ്ങളില്‍ തീരുമാനമാകും വരെ മടങ്ങിപ്പോകില്ല എന്നാണ് ബികെയു ജനറല്‍ സെക്രട്ടറി സുഖ്‌ദേവ് സിങ് വ്യക്തമാക്കിയത്.