ന്യൂഡല്‍ഹി: ഡല്‍ഹി വംശീയാതിക്രമത്തില്‍ അക്രമികള്‍ക്കൊപ്പം ചേര്‍ന്ന് പൊലീസ് കല്ലെറിയുന്നതിന്റെ തെളിവുകള്‍ പുറത്ത്. ഡല്‍ഹി സര്‍ക്കാരാണ് വീഡിയോ പുറത്തുവിട്ടത്. അക്രമികള്‍ക്കൊപ്പം ചേര്‍ന്ന് അക്രമണം നടത്തുന്ന ഏഴു വീഡിയോകള്‍ ഡല്‍ഹി ആഭ്യന്തര വകുപ്പ് പുറത്തുവിട്ടു.

അക്രമികളോട് ചേര്‍ന്ന് ഒരു വിഭാഗത്തിനെതിരെ കല്ലേറും ചീമുട്ടയേറും ചെയ്യുന്നതാണ് വീഡിയോ. മര്‍ദിച്ച് അവശരാക്കിയ ശേഷം ദേശീയ ഗാനം ചൊല്ലിപ്പിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നു. ചിലരെ ആക്രമണത്തിന് പ്രേരിപ്പിക്കുന്നുമുണ്ട്. വ്യക്തതയുള്ള വീഡിയോകളാണ് പുറത്തുവന്നത്. അക്രമികളെയും കൂട്ടു നില്‍ക്കുന്ന പൊലീസുകാരെയും വ്യക്തമായി കാണാനാവുന്നുണ്ട്. അക്രമികളും പൊലീസുകാരും നില്‍ക്കുന്ന സ്ഥലവും വ്യക്തമാകുന്നുണ്ട്. ഇതു സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിക്കുന്നു.

വീഡിയോകളില്‍ പലതും നേരത്തെയും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ തന്നെ അതിന്റെ ആധികാരികത പരിശോധിച്ച് ഔദ്യോഗികമായി പുറത്തുവിടുകയായിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിനാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഇതേ തുടര്‍ന്ന് പ്രതിരോധത്തിലായ പൊലീസ് വിശദീകരണവുമായി രംഗത്തു വന്നു. മൂന്ന് വീഡിയോകളില്‍ നടപടിയെടുത്തുവെന്നും മറ്റുള്ളവ പരിശോധിച്ചു വരികയാണെന്നും നോര്‍ത്ത് ഈസ്റ്റ് ഡിസിപി വ്യക്തമാക്കി.